വി ഡി സതീശന്‍/ഫയല്‍ ചിത്രം
വി ഡി സതീശന്‍/ഫയല്‍ ചിത്രം

'അവര്‍ നൂറുശതമാനം നിരപരാധികള്‍'; ഗാന്ധി ചിത്രം തകര്‍ത്തിട്ടില്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേസില്‍ കുടുക്കിയത്: വി ഡി സതീശന്‍

നിരപരാധികളെ കേസില്‍ കുടുക്കിയാല്‍ നിയമപരമായി നേരിടും


കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തതിന് അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരപരാധി കളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'നിരപരാധികളെ കേസില്‍ കുടുക്കിയാല്‍ നിയമപരമായി നേരിടും. അറസ്റ്റിലായ നാലുപേരും നൂറുശതമാനം നിരപരാധികളാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി ഡി സതീശന്‍ ആരോപിച്ചു. 

സിപിഎം സ്വന്തം പാര്‍ട്ടി ഓഫീസിന് പടക്കം എറിഞ്ഞവരാണ്. സ്വന്തം പാര്‍ട്ടിക്കാരെ കൊന്നവരാണ്. ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയവരാണ് സിപിഎമ്മുകാര്‍. ഗാന്ധി എന്താ ഇവരോട് ചെയ്തത്? ഒരു പ്രതിമയുടെ തലവെട്ടി മാറ്റിയവര്‍ക്ക് ഒരു ഫോട്ടോ എടുത്ത് നിലത്തെറിയാന്‍ എന്താ പ്രശ്‌നം- വി ഡി സതീശന്‍ ചോദിച്ചു. 

പൊലീസും സര്‍ക്കാരും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആക്രമണം. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിക്കാന്‍ പൊലീസ് ചൂട്ടു പിടിച്ചുകൊടുക്കുമോ. പ്രതികളായവരെ പാര്‍ട്ടി മാലയിട്ട് സ്വീകരിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. 

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴസ്ണല്‍ അസിസ്റ്റന്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. 

ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ശേഷം ഗാന്ധിജിയുടെ ചിത്രം നിലത്ത് കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ 29 എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com