സംഗീത സംവിധായകന്‍ ആര്‍ സോമശേഖരന്‍ അന്തരിച്ചു

അമ്പതോളം സീരിയലുകള്‍ക്കും, ഭക്തി ഗാനങ്ങളുള്‍പ്പെടെ നാല്പതോളം ആല്‍ബങ്ങള്‍ക്കും സംഗീതം പകര്‍ന്നിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ആര്‍ സോമശേഖരന്‍ അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. പുലർച്ചെ  തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും സംഗീതമൊരുക്കിയ സോമശേഖരന്‍, ആകാശവാണിയില്‍ നിരവധി ലളിതഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്തിട്ടുണ്ട് 

സോമശേഖരന്‍ സംഗീതം നല്‍കിയ ജാതകം എന്ന സിനിമയിലെ പുളിയിലക്കരയോലും പുടവ ചുറ്റി എന്ന ഗാനം ഏറെ പ്രശസ്തമാണ്. വെളിയം ചന്ദ്രന്‍ സംവിധാനം ചെയ്ത 'ഉര്‍വശി' എന്ന നാടകം സിനിമയാക്കിയ അവസരത്തിലാണ് സംഗീത സംവിധായകനാകാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തുന്നത്. കോന്നിയൂര്‍ ഭാസ് രചിച്ച് യേശുദാസ് പാടിയ 'പ്രകൃതി പ്രഭാമയീ' എന്ന ഗാനമാണ് അദ്ദേഹം ആദ്യം സംഗീതം ചെയ്തത്. 

രണ്ടാമത്തെ ഗാനം വെള്ളനാട് നാരായണന്‍ എഴുതി, എസ് ജാനകിയും സോമശേഖരനും ചേര്‍ന്നു പാടി. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യനായിരുന്ന സോമശേഖരന്‍, ഒമാനില്‍ ജോലി കിട്ടിയപ്പോള്‍ അങ്ങോട്ടുപോയി. ഇവിടെ നിന്നും അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ജാതകം, ആര്‍ദ്രം തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത്. 

'അയാള്‍', ഈ അഭയതീരം, വേനല്‍ക്കാലം,  മി.പവനായി 99.99, ബ്രഹ്മാസ്ത്രം തുടങ്ങിയ ചിത്രങ്ങള്‍ക്കും സോമശേഖരന്‍ സംഗീതം നല്‍കി. അമ്പതോളം സീരിയലുകള്‍ക്കും, ഭക്തി ഗാനങ്ങളുള്‍പ്പെടെ നാല്പതോളം ആല്‍ബങ്ങള്‍ക്കും സംഗീതം പകര്‍ന്നിട്ടുണ്ട്.  സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ സഹോദരനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com