സ്ലോ പോയിസണിങ്ങ് ഗൂഗിളില്‍ തിരഞ്ഞു;  കുന്നംകുളത്തെ കടയില്‍ നിന്നും എലിവിഷം വാങ്ങി; പല തവണ ആഹാരത്തില്‍ ചേര്‍ത്തു നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇന്ദുലേഖ കുന്നംകുളത്തെ കടയില്‍ നിന്നാണ് എലിവിഷം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു
ഇന്ദുലേഖ / ടിവിദൃശ്യം
ഇന്ദുലേഖ / ടിവിദൃശ്യം

തൃശൂര്‍: തൃശൂര്‍ കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്തു കൊന്ന കേസില്‍, രണ്ടുമാസം മുമ്പും പ്രതി മാതാപിതാക്കളെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ്. പ്രതി അമ്മ രുഗ്മിണിയ്ക്ക് വിഷം നല്‍കിയതിന്റെ അവശിഷ്ടങ്ങളും, എലിവിഷം നല്‍കുന്നതിന് ഉപയോഗിച്ച പാത്രവും കണ്ടെടുത്തതായി എസിപി ടി എസ് സിനോജ് പറഞ്ഞു. ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്നും എസിപി പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും എസിപി പറഞ്ഞു. 

ഇന്ദുലേഖ കുന്നംകുളത്തെ കടയില്‍ നിന്നാണ് എലിവിഷം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കടയിലെത്തിച്ചും തെളിവെടുത്തു. ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കേസില്‍ നിര്‍ണായക സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. എലിവിഷത്തെക്കുറിച്ചും ഇത് കഴിച്ചാല്‍ എങ്ങനെ മരണം സംഭവിക്കുമെന്നതിനെക്കുറിച്ചും ഇന്ദുലേഖ ഗൂഗിളില്‍ തിരഞ്ഞിരുന്നതായാണ് കണ്ടെത്തിയത്. 

ഇതു ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലിലാണ് ഇന്ദുലേഖ കുറ്റം സമ്മതിച്ചതെന്നാണ് വിവരം. ഇന്ദുലേഖ അമ്മയ്ക്ക് നിരവധി തവണ ചെറിയ അളവില്‍ വിഷം നല്‍കിയിരുന്നതായാണ് സൂചന. സ്ലോ പോയിസണിങ്ങിലൂടെ കൊലപ്പെടുത്തുകയായിരുന്നു പദ്ധതി. വിഷാംശം നിരന്തരം ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്ന് രുഗ്മിണിയുടെ കരളിന് വലിയതോതില്‍ നാശം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. 

വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് എട്ടുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. സ്വര്‍ണം പണയം വെച്ച് വായ്പ എടുത്തതിനെ തുടര്‍ന്നാണ് ഇത്രയധികം ബാധ്യത വന്നതെന്നാണ് കരുതുന്നത്. മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേഖ ലക്ഷ്യമിട്ടതെന്നും പൊലീസ് വിലയിരുത്തുന്നു.

14 സെന്റ് ഭൂമിയും വീടും മാതാപിതാക്കളുടെ കാലശേഷം ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നതാണ്. എന്നാല്‍ വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലെത്തുന്നതിന് മുമ്പ് കടബാധ്യത വീട്ടണമെന്ന് ഇന്ദുലേഖ പദ്ധതിയിട്ടു. ഭൂമി തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് ഇന്ദുലേഖ ആവശ്യപ്പെട്ടു. ഭൂമി സ്വന്തം പേരിലാക്കിയശേഷം പണയപ്പെടുത്തി കടബാധ്യത തീര്‍ക്കാനായിരുന്നു ആലോചിച്ചത്. എന്നാല്‍ അമ്മ രുഗ്മിണി ഇതിനെ എതിര്‍ത്തു. 

തങ്ങളുടെ കാലശേഷം മാത്രമേ വീടും സ്ഥലവും എഴുതി നല്‍കൂവെന്ന് അമ്മ രുഗ്മിണി ഉറച്ച നിലപാടെടുത്തു. ഇതോടെയാണ് പ്രതിക്ക് അമ്മയോട് വൈരാഗ്യം ഉണ്ടായതെന്നും പൊലീസ് സൂചിപ്പിച്ചു. അച്ഛന്‍ ചന്ദ്രനും ചായയില്‍ പാറ്റ ഗുളിക കലര്‍ത്തി നല്‍കി അപായപ്പെടുത്താനും ശ്രമിച്ചിരുന്നു. കയ്പുരസം തോന്നിയതിനാല്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായും ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com