'അമിത് ഷായെ മാത്രമല്ല, ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്'- വിവാദത്തിൽ വിശദീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2022 07:08 PM  |  

Last Updated: 27th August 2022 07:08 PM  |   A+A-   |  

pinarayi_amit

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷ സ്ഥാനം. 

അടുത്ത മാസം മൂന്നിനാണ് കോവളത്ത് ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്‍റെ ദക്ഷിണാമേഖലാ കൗണ്‍സില്‍ യോഗം നടക്കുന്നത്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിമാരടക്കം യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതില്‍ രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. കഴിഞ്ഞ 23നാണ്  അമിത് ഷായെ ഉദ്ഘാടകനായി ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുന്നത്. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കുന്ന ചടങ്ങിനായി അമിത് ഷായും കേരളത്തിലെത്തും. യോഗത്തിന് ശേഷം വള്ളംകളിയില്‍ കൂടി പങ്കെടുക്കണം എന്നായിരുന്നു മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

അമിത് ഷായെ ക്ഷണിച്ചതില്‍ പിന്നിൽ പ്രത്യേക താത്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. ലാവ്‌ലിന്‍ കേസാണോ
സ്വര്‍ണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

'ലാവ്‌ലിന്‍ കേസ് ആണോ പ്രശ്നം, അതോ സ്വർണക്കടത്തോ?'- അമിത് ഷായെ ക്ഷണിച്ചതിനെതിരെ വിഡി സതീശൻ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ