'ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക സബ്സിഡി', യാഥാര്‍ഥ്യം

പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക സബ്സിഡി നല്‍കുന്നു എന്ന സന്ദേശത്തോടെ പ്രചരിക്കുന്ന ലിങ്ക് വ്യാജം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക സബ്സിഡി നല്‍കുന്നു എന്ന സന്ദേശത്തോടെ പ്രചരിക്കുന്ന ലിങ്ക് വ്യാജം. കോര്‍പ്പറേഷന്റെ 65-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക സബ്സിഡി നല്‍കുമെന്ന തരത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. 

വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയയിലാണ് സന്ദേശം പ്രചരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔദ്യോഗിക ലിങ്കല്ല പ്രചരിക്കുന്ന യൂആര്‍എല്‍.  https://iocl.com/ എന്നതാണ് ഐഒസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ഇതില്‍ ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം നല്‍കിയിട്ടില്ല.  മാത്രമല്ല, ഐഒസിയുടെ 65-ാം വാര്‍ഷികം വരുന്നത് 2024-ലാണ്. 1959ലാണ് ഇത് സ്ഥാപിച്ചത്.

വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഐഒസിയുടേതെന്ന് തോന്നിപ്പിക്കുന്ന പേജിലാണ് എത്തിച്ചേര്‍ന്നത്. ഇതില്‍ കമ്പനിയുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരില്‍ ഭാഗ്യശാലിക്ക് 8000 ഡോളര്‍ ലഭിക്കും എന്നാണ് അവകാശപ്പെടുന്നത്.

രാജ്യത്തെ ഒരു പൊതുമേഖല സ്ഥാപനവും പാരിതോഷികം ഡോളറില്‍ നല്‍കില്ല. മാത്രമല്ല, ഇന്ധന സബ്സിഡി എന്ന് ആദ്യം പറഞ്ഞ ശേഷം പിന്നീടത് പാരിതോഷികമെന്ന തരത്തിലാണ് പേജില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സമ്മാനവാഗ്ദാനങ്ങള്‍ നല്‍കുന്ന ഇത്തരം ലിങ്കുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. ഇവ തുറക്കുന്നയാളുടെ ഫോണുകളില്‍നിന്നു വ്യക്തിവിവരങ്ങള്‍ ചോര്‍ത്തും. ഫിഷിങ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഫിഷിങിലൂടെയുള്ള തട്ടിപ്പുകള്‍ക്കെതിരെ കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com