സന്ദീപാനന്ദ ​ഗിരിയുടെ ആശ്രമം തീയിട്ട സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്; ആരാണെന്ന് അറിയില്ല; മൊഴി മാറ്റി മുഖ്യ സാക്ഷി

സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ പ്രശാന്ത് വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. സംഭവത്തിലെ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി. ആശ്രമത്തിന് തീയിട്ടത് സമീപ വാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരൻ പ്രശാന്ത് ക്രൈബ്രാഞ്ചിന് ആദ്യം നൽകിയ മൊഴിയാണ് ഇപ്പോൾ മാറ്റിപ്പറഞ്ഞത്. 

ആരാണ് തീയിട്ടതിന് പിന്നിലെന്ന് അറിയില്ല. സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ പ്രശാന്ത് വ്യക്തമാക്കി. അഡീഷണൽ മജിസ്ട്രേറ്റിന് മുൻപിലാണ് പ്രശാന്ത് മൊഴി മാറ്റിയത്. അതേസമയം ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. 

കേസിൽ പൊലീസിന് ഒരു തുമ്പും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ് പ്രശാന്തിന്റെ വെളിപ്പെടുത്തലോടെ ഇതിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്. 

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശ്, ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. തന്റെ സഹോദരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നെന്നും പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീയിട്ടതെന്നുമായിരുന്നു പ്രശാന്ത് ആദ്യം ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. അനുജന്‍ മരിക്കുന്നതിന് കുറച്ചു ദിവസം മുന്‍പ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും പ്രകാശ് അസ്വസ്ഥനായിരുന്നെന്നും പ്രശാന്ത് അന്ന് വ്യക്തമാക്കിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജഗതിയിലുള്ള യുവാവിനെ കഴിഞ്ഞ വര്‍ഷം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് അസ്വസ്ഥനായതെന്നും തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നുമായിരുന്നു പ്രശാന്ത് പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം ക്രൈം ബ്രാഞ്ച് സ്ഥിരീകരിക്കുകയും ചെയ്തു. 

എന്നാൽ ഈ മൊഴിയാണ് ഇപ്പോൾ മജിസ്ട്രേറ്റിന് മുന്നിൽ പ്രശാന്ത് മാറ്റി പറഞ്ഞിരിക്കുന്നത്. ക്രൈം ബ്രാഞ്ചിനെ കൂടി പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ രഹസ്യ മൊഴി. ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദമാണ് അങ്ങനെയൊരു മൊഴി നൽകാൻ കാരണമായത് എന്നാണ് പ്രശാന്ത് ഇപ്പോൾ പറയുന്നത്. സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ തിരക്കാനാണ് ക്രൈം ബ്രാഞ്ച് തന്നെ വിളിച്ചു വരുത്തിയത്. അപ്പോഴാണ് ഈ കേസിൽ കൂടി മൊഴി നൽകാൻ ആവശ്യപ്പെട്ടതെന്നും പ്രശാന്ത് പറയുന്നു. 

2018 ഒക്ടോബര്‍ 27ന് ആണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. ആദ്യം തിരുവനന്തപുരം സിറ്റി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നാല് വർഷത്തിന് ശേഷം കേസിൽ തുമ്പുണ്ടായെന്ന് ആശ്വസിക്കുമ്പോഴാണ് ഇത്തരമൊരു വഴിത്തിരിവ് വീണ്ടും വന്നിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com