തരൂരിനെതിരെ വീണ്ടും പടയൊരുക്കം; പരാതിയുമായി കോട്ടയം ഡിസിസി, വേദി പങ്കിടാനില്ലെന്ന് തിരുവഞ്ചൂര്‍

പങ്കെടുക്കേണ്ടവര്‍ക്കു പങ്കെടുക്കാമെന്നും അല്ലാത്തവര്‍ യൂട്യൂബില്‍ പരിപാടി കാണട്ടെയെന്നും തരൂര്‍
ശശി തരൂര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
ശശി തരൂര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

കോട്ടയം/തിരുവനന്തപുരം: ശശി തരൂരിന്റെ മധ്യ കേരളത്തിലെ സന്ദര്‍ശന പരപാടിയെച്ചൊല്ലിയും കോണ്‍ഗ്രസില്‍ കലഹം. പരിപാടിയെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നും നേതൃത്വത്തിനു പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. പങ്കെടുക്കേണ്ടവര്‍ക്കു പങ്കെടുക്കാമെന്നും അല്ലാത്തവര്‍ യൂട്യൂബില്‍ പരിപാടി കാണട്ടെയെന്നും തരൂര്‍ പ്രതികരിച്ചു. തരൂരിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസില്‍ വന്‍ വിവാദമായതിനു പിന്നാലെയാണ് പുതിയ കലഹം.

ഈരാറ്റുപേട്ടയിലെ പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. സാധാരണ നേതാക്കള്‍ വരുമ്പോള്‍ ഡിസിസിയെ അറിയിക്കുന്ന പതിവുണ്ട്. ശശി തരൂരിന്റെ ഓഫിസില്‍നിന്ന് ഒരു തവണ വിളിച്ചു. പിന്നെ വിളിക്കാമെന്നു പറഞ്ഞ് കട്ട് ചെയ്യുകയും ചെയ്‌തെന്ന് സുരേഷ് അറിയിച്ചു. 

തരൂര്‍ പങ്കെടുക്കുന്ന ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പാര്‍ട്ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ടുനില്‍ക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതിനിടെ നാട്ടകം സുരേഷ് തിരുവഞ്ചൂരുമായി കൂടിക്കാഴ്ച നടത്തി. 

ഇന്ന് പാലായില്‍ കെ.എം.ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്ന തരൂര്‍ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണും. വൈകിട്ട് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലും നാളെ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തരൂര്‍ വൈകിട്ട് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തില്‍ അതിഥിയാണ്. 

കോട്ടയം ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫിസില്‍നിന്നു വിളിച്ചിരുന്നെന്ന് ശശി തരൂര്‍ പറഞ്ഞു. തനിക്ക് ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നുണ്ട്. കഴിയുന്നതിലൊക്കെ പങ്കെടുക്കും. അതില്‍ പങ്കെടുക്കേണ്ടവര്‍ക്കു പങ്കെടുക്കാം എന്നാണ് തന്റെ നിലപാട്. നേരത്തെയും പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഇതു വിവാദമാവുന്നത് എന്തെന്ന് അറിയില്ലെന്ന് തരൂര്‍ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com