പാചകവാതക സിലിണ്ടര്‍ ചോര്‍ന്നു, വീടിനകം മുഴുവന്‍ വാതകം; പകച്ചുനിന്ന കുടുംബത്തിന് രക്ഷകനായി ഓട്ടോ ഡ്രൈവര്‍

പാചകവാതക സിലിണ്ടര്‍ ചോര്‍ന്നപ്പോള്‍ പകച്ചുപോയ കുടുംബത്തിന് രക്ഷകനായി ദുരന്ത നിവാരണ സേനാംഗമായ ഓട്ടോറിക്ഷാ ഡ്രൈവര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: പാചകവാതക സിലിണ്ടര്‍ ചോര്‍ന്നപ്പോള്‍ പകച്ചുപോയ കുടുംബത്തിന് രക്ഷകനായി ദുരന്ത നിവാരണ സേനാംഗമായ ഓട്ടോറിക്ഷാ ഡ്രൈവര്‍. സിലിണ്ടര്‍ തുറസ്സായ സ്ഥലത്തേക്ക് മാറ്റി ഏറെ പണിപ്പെട്ട് പ്ലാസ്റ്റിക് അടപ്പു കൊണ്ടു സിലിണ്ടര്‍ അടച്ചാണ് കുടുംബത്തെ രക്ഷിച്ചത്.

ആലുവ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ എഴുകോണ്‍ അമ്പലത്തുംകാല കൃഷ്ണ ജ്യോതിയില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെ വീട്ടില്‍ കഴിഞ്ഞ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇതുവഴി ഓട്ടം വന്ന മുളവന പള്ളിമുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുളവന പള്ളിയറ ആലുംമൂട്ടില്‍ വീട്ടില്‍ ബി ഹരീഷ് കുമാര്‍ ആണ് സമയോചിതമായ ഇടപെടല്‍ നടത്തിയത്.

നിലവിളി കേട്ട് ഹരീഷ് ഓടിയെത്തുമ്പോള്‍ പാചകവാതക സിലിണ്ടര്‍ വീടിനു പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഉണ്ണിക്കൃഷ്ണ പിള്ള. വാഷര്‍ തകരാര്‍ മൂലം സിലിണ്ടറില്‍ നിന്നു പാചകവാതകം ശക്തിയായി മുകളിലേക്കു ചീറ്റിത്തെറിക്കുകയായിരുന്നു. വീടിനകം മുഴുവന്‍ വാതകം നിറഞ്ഞു. 

കുടുംബാംഗങ്ങളെ ഉണ്ണിക്കൃഷ്ണ പിള്ള പുറത്തെത്തിച്ചപ്പോഴേക്കും സിലിണ്ടര്‍ തുറസ്സായ സ്ഥലത്തേക്കു മാറ്റിയ ഹരീഷ് ഏറെ പണിപ്പെട്ട് പ്ലാസ്റ്റിക് അടപ്പു കൊണ്ടു സിലിണ്ടര്‍ അടയ്ക്കുകയായിരുന്നു. അതിനിടയില്‍ പാചകവാതകം ശക്തിയായി മുഖത്തേക്കും വായിലേക്കും പ്രവഹിച്ചെങ്കിലും പാചകവാതക സിലിണ്ടര്‍ അടയ്ക്കുന്ന ശ്രമത്തില്‍ നിന്ന് പിന്മാറാന്‍ ഹരീഷ് തയ്യാറായില്ല. അപ്പോഴേക്കും കൊട്ടാരക്കരയില്‍ നിന്ന് അഗ്‌നിരക്ഷാ യൂണിറ്റ് എത്തി.

സിലിണ്ടറിന്റെ തകരാര്‍ പരിഹരിക്കുകയും വീടും പരിസരങ്ങളും സുരക്ഷിതമാക്കുകയും ചെയ്ത ശേഷമാണ് യൂണിറ്റ് മടങ്ങിയത്. സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഊരിമാറ്റിയപ്പോഴാണു വാതകം പുറത്തേക്കു തെറിച്ചതെന്നും ഹരീഷ് സമയത്തെത്തിയില്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തമായേനേ എന്നും ഉണ്ണിക്കൃഷ്ണ പിള്ള പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com