കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രധാന പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

ജിൽസ് 13 കോടിയും കിരൺ 23 കോടിയും ബിജു കരീം 35 കോടിയും ബിജോയ് 35 കോടിയും തട്ടിയെടുത്തെന്നാണ് സഹകരണ വകുപ്പും പൊലീസും അന്വേഷണത്തിൽ കണ്ടെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രധാന പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവ്. ഇവരുടെ 58 സ്വത്തുവകകളാണ് കണ്ടുകെട്ടാൻ ഉത്തരവിട്ടത്. ബാങ്കിന്റെ മുൻ സെക്രട്ടറി ടിആർ സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സികെ ജിൽസ്, കമ്മീഷൻ ഏജന്റ് എകെ ബിജോയ്, സൂപ്പർ മാർക്കറ്റ് കാഷ്യർ റജി കെ അനിൽ എന്നിവർക്കെതിരേയാണ് നടപടി. 

ജിൽസ് 13 കോടിയും കിരൺ 23 കോടിയും ബിജു കരീം 35 കോടിയും ബിജോയ് 35 കോടിയും തട്ടിയെടുത്തെന്നാണ് സഹകരണ വകുപ്പും പൊലീസും അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്ന് വിധിയുടെ പകർപ്പു കിട്ടിയാൽ കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

തിരിമറി നടത്തി സമ്പാദിച്ച പണം കൊണ്ട് പ്രതികൾ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും വാങ്ങിക്കൂട്ടിയ വാഹനങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ 60 കോടിയുടെ വസ്തുവകകളുണ്ട്. ഭൂമിയും കെട്ടിടങ്ങൾ ഉൾപ്പെടെ 20 വസ്തുവകകൾ, ഇന്നോവ, ഔഡി കാറുകൾ, റെയ്ഡ് നടത്തിയപ്പോൾ വീട്ടിൽ നിന്ന് കണ്ടെടുത്ത 3.40 ലക്ഷം രൂപ, 2.08 ലക്ഷത്തിന്റെ വിദേശ കറൻസി, ബിജോയുടെയും സ്ഥാപനങ്ങളുടെയും പേരിലുണ്ടായിരുന്ന 57 ബാങ്ക് അക്കൗണ്ടുകൾ, 35.87 ലക്ഷം രൂപ. ഇവയാണ് കണ്ടുകെട്ടുന്നത്. 

ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. പരാതിയുയർന്ന കാലത്ത് പ്രതികൾ 117 കോടിയുടെ വ്യാജ വായ്പകൾ തരപ്പെടുത്തിയെന്നും ഈ തുക തട്ടിയെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ 20 പേരും ഇപ്പോൾ പുറത്തിറങ്ങി. ഭരണ സമിതിയിലെ 14 പേരും ജീവനക്കാർ ഉൾപ്പെടെ ആറ് പേരും സിപിഎമ്മിന്റെ ഭാരവാഹികളും അംഗങ്ങളും അനുഭാവികളുമായിരുന്നു.

സുനിൽ കുമാറിന് തട്ടിപ്പിലൂടെ ആർജിച്ച സ്വത്തുക്കളില്ലാത്തതിനാൽ കണ്ടുെകട്ടാനാകില്ല. ഒന്നാം പ്രതി സുനിൽകുമാർ തട്ടിപ്പിൽ പങ്കാളിയാണെങ്കിലും പണമോ വസ്തുക്കളോ ഇതിലൂടെ ആർജിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.  

എകെ ബിജോയുടെ 30.70 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യമായാണ് ഇഡി കണ്ടുകെട്ടൽ നടപടിയെടുക്കുന്നത്. ക്രൈം ബ്രാഞ്ച് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ 2021 ഓഗസ്റ്റിൽ ഇഡി കേസെടുത്തിരുന്നു. ബാങ്കില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com