ദേഷ്യപ്പെട്ട് ബഹളം വെച്ച് പ്രതികള്‍, യോഗ മാസ്റ്റര്‍ ഓടിപ്പോകുന്നതു കണ്ടു; കോടതിയില്‍ നാടകീയരംഗങ്ങള്‍

വധശിക്ഷയേക്കാള്‍ മാതൃകാപരമായ ശിക്ഷയാണെന്നും, വിധിയില്‍ സംതൃപ്തിയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു
കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍/ ടിവി ദൃശ്യം
കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍/ ടിവി ദൃശ്യം

തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിച്ച തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുറിയില്‍ നാടകീയരംഗങ്ങള്‍. വിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പ്രതികള്‍ കോടതിയില്‍ ദേഷ്യപ്പെട്ട് ബഹളം വെച്ചു. തങ്ങള്‍ നിരപരാധികളാണെന്നും, തങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

അന്നുരാവിലെ സംഭവസ്ഥലത്ത് നിന്നും ഒരു യോഗ മാസ്റ്റര്‍ ഓടിപ്പോകുന്നത് ധാരാളം ആളുകള്‍ കണ്ടിട്ടുണ്ട്. അയാള്‍ക്ക് പലഭാഷകളും അറിയാം. അയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട വനിതയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ തലമുടി ആരുടേതാണെന്ന് അന്വേഷിക്കണം എന്നിങ്ങനെയെല്ലാം പ്രതികള്‍ ആവശ്യമുന്നയിച്ചു. ഇതുകേട്ടശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. വിധി കേട്ടശേഷവും പ്രതികള്‍ രോഷാകുലരായി. മുമ്പ് പറഞ്ഞത് ആവര്‍ത്തിച്ചു. 

എന്നാല്‍ വിചാരണവേളയില്‍ ഇക്കാര്യങ്ങളൊന്നും പ്രതികള്‍ പറഞ്ഞിരുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രാജ്‌മോഹന്‍ പറഞ്ഞു. വിചാരണയുടെ ഏതെങ്കിലും ഘട്ടത്തിലെങ്കിലും പ്രതികള്‍ ഉന്നയിച്ചിട്ടില്ല. വിധി പറയുന്ന അവസരത്തില്‍ ഇക്കാര്യം പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വധശിക്ഷയേക്കാള്‍ മാതൃകാപരമായ ശിക്ഷയാണെന്നും, വിധിയില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വധശിക്ഷ തന്നെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തത്. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ പരിഗണിച്ചശേഷമാണ് വധശിക്ഷ ഒഴിവാക്കിയതെന്ന് അഡ്വ. രാജ്‌മോഹന്‍ പറഞ്ഞു. രണ്ടു വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും അമ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക എന്ന കുറ്റത്തിന് 376 (എ) എന്ന വകുപ്പു പ്രകാരം ജീവപര്യന്തത്തോടൊപ്പം രണ്ടു പ്രതികളും ജീവിതാവസാനം വരെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ്‌മോഹന്‍ അറിയിച്ചു. 

പ്രതികള്‍ക്കുള്ള ശിക്ഷ ഇങ്ങനെ

ജീവപര്യന്തം ശിക്ഷയ്ക്കിടെ ഇളവുകള്‍ പാടില്ല. 302-ാം വകുപ്പു പ്രകാരം പ്രതികള്‍ക്ക് ഒരു ജീവപര്യന്തം ശിക്ഷ കൂടി വിധിച്ചിട്ടുണ്ട്. കൂടാതെ 328-ാം വകുപ്പു പ്രകാരം അഞ്ചു വര്‍ഷം, 336-ാം വകുപ്പു പ്രകാരം അഞ്ചു വര്‍ഷം, 342-ാം വകുപ്പു പ്രകാരം ആറുമാസം, ബലാത്സംഗത്തിന് 376 (1)-ാം വകുപ്പു പ്രകാരം 10 വര്‍ഷം, കൂട്ട ബലാത്സംഗത്തിന് 376 ( ഡി) വകുപ്പു പ്രകാരം 20 വര്‍ഷവും, 201-ാം വകുപ്പു പ്രകാരം അഞ്ചു വര്‍ഷവും, ലഹരിമരുന്ന് കൈവശം വെച്ചതിന് മൂന്നു മാസവും തടവുശിക്ഷ വിധിച്ചിട്ടുണ്ട്. 

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. പ്രതികള്‍ക്കെതിരായ ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി. 

പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ 40 കാരിയായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. വിഷാദരോഗത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com