വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കടിപ്പിച്ച് കാട്ടുപന്നി വേട്ട; കേസ്; എഎപി നേതാവ് ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 08:43 AM  |  

Last Updated: 09th December 2022 08:43 AM  |   A+A-   |  

Wild Boar ATTACK

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: കാട്ടുപന്നിയെ ഷോക്കേല്‍പ്പിച്ച് വേട്ടയാടിയ സംഭവത്തില്‍ എഎപി നേതാവിനെതിരെ കേസ്. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍പ്പിച്ചായിരുന്നു വേട്ട. ചേലക്കര വെങ്ങാനെല്ലൂര്‍ പൂനാട്ട് പിജെ മാത്യുവിന്റെ പേരിലാണ് വനം വകുപ്പ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്. 

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മാത്യു മത്സരിച്ചിരുന്നു. മായന്നൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നി വേട്ട കണ്ടെത്തിയത്. 

മേപ്പാടം മേലാംകോല്‍ പ്രദേശത്ത് കൃഷിയിടത്തോടു ചേര്‍ന്ന ഷെഡ്ഡില്‍ നിന്ന് കഷണങ്ങളാക്കിയ നിലയില്‍ കാട്ടുപന്നിയിറച്ചിയും കെണിയൊരുക്കാന്‍ ഉപയോഗിച്ച കമ്പികളടക്കമുള്ളവയും കണ്ടെത്തി. വനപാലകരെ കണ്ടതും ഇയാള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. മായന്നൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എംവി ജയപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംഭവത്തില്‍ വൈദ്യുതി മോഷണത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അനധികൃതമായി ലൈനില്‍ നിന്ന് വൈദ്യുതി എടുത്തതിനാണ് കേസ്. നിലവിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ട്. കെഎസ്ഇബി ചേലക്കര സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടിജെ അജിത കുമാരിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിച്ചു; ചോദ്യം ചെയ്ത ആളെ ക്രൂരമായി മര്‍ദ്ദിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ