വേദി പങ്കിടില്ലെന്നത് പാര്‍ട്ടി തീരുമാനം: സാബു; നിരന്തരം അപമാനിക്കപ്പെടുന്നുവെന്ന് ശ്രീനിജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 01:20 PM  |  

Last Updated: 09th December 2022 01:20 PM  |   A+A-   |  

sabu_m_jacob_1

കിറ്റക്‌സ് എംഡി സാബു എം ജേക്കബ്

 

കൊച്ചി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ട്വന്റി ട്വന്റിയെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ശ്രീനിജന്റെ പരാതി ട്വന്റി ട്വന്റിയെ ഇല്ലാതാക്കാന്‍ വേണ്ടി. പാര്‍ട്ടി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍  കുന്നത്തുനാട് എംഎല്‍എയായ പി വി ശ്രീനിജന്‍ സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു. 

എംഎല്‍എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയില്‍ സാബു ജേക്കബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സാബുവിന്റെ ആരോപണം. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാര്‍ട്ടി തീരുമാനമാണ്. അതുകൊണ്ടാണ് പാര്‍ട്ടി നേതാക്കള്‍ വേദിയില്‍ നിന്നും ഇറങ്ങിയത്. ശ്രീനിജനെ അപമാനിച്ചിട്ടില്ല. 

ഇനി കുന്നത്തുനാട്ടില്‍ ജയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ശ്രീനിജന്‍ പരിഭ്രാന്തനാകുന്നത്. എംഎല്‍എ പദവിയുടെ സുഖമറിഞ്ഞ ശ്രീനിജന്റെ ഉള്‍വിളിയാണ് ഇപ്പോഴത്തെ കേസ്. എംഎല്‍എ ആണെന്ന് കരുതി വൃത്തികേടുകള്‍ ചെയ്യുന്ന ആളെ ബഹുമാനിക്കേണ്ടതില്ല. ട്വന്റി ട്വന്റിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതാക്കളുമായി ഇനിയും വേദി പങ്കിടില്ലെന്നും സാബു ജേക്കബ് പറഞ്ഞു. 

'നിരന്തരം അപമാനം നേരിടുകയാണ്'

അതേസമയം ട്വന്‍റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നെന്ന്  പി വി ശ്രീനിജന്‍ എംഎൽഎ ആരോപിച്ചു. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ സാബു ജേക്കബ് വിലക്കുകയാണ്. താന്‍ നിരന്തരം അപമാനം നേരിടുകയാണ്. വിശദമായി അന്വേഷിച്ച ശേഷമാണ് പൊലീസ് കേസെടുത്തതെന്നും എംഎല്‍എ പറഞ്ഞു.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഓഗസ്റ്റ് 17 ന്  കൃഷിദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് തന്നെ രേഖാമൂലം ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ തന്നെ അപമാനിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്‍റും മറ്റുള്ളവരും വേദിവിട്ടിറങ്ങി സദസില്‍ ഇരുന്നു. താന്‍ പോയതിന് പിന്നാലെ ഇവര്‍ വേദിയിലെത്തിയെന്നും പി വി ശ്രീനിജന്‍ ആരോപിച്ചു. 

ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ കൃഷിദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിടുകയായിരുന്നു. സംഭവത്തിൽ ശ്രീനിജന്‍റെ പരാതിയിൽ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

എംഎല്‍എയെ വേദിയില്‍ പരസ്യമായി അപമാനിച്ചു; സാബു എം ജേക്കബിനെതിരെ പട്ടികജാതി നിയമപ്രകാരം കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ