ശബരിമലയില്‍ ദര്‍ശന സമയം കൂട്ടി; നടപടി തിരക്ക് വർധിച്ചതിനാൽ ; പതിനെട്ടര മണിക്കൂർ ദർശനമെന്ന് ദേവസ്വം ബോർഡ്

പ്രത്യേക പൂജകളില്‍ സമയം ചുരുക്കി പരമാവധി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്
ശബരിമല, ഫയല്‍ ചിത്രം
ശബരിമല, ഫയല്‍ ചിത്രം

പത്തനംതിട്ട: ശബരിമലയിലെ ഭക്തജനത്തിരക്ക് ക്രമാതീതമായതോടെ, ദര്‍ശന സമയം വര്‍ധിപ്പിച്ചുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശന സമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. രാത്രി 11.30 വരെ ദര്‍ശനം അനുവദിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. 

തിരക്കുണ്ടാകുമെന്നത് പരിഗണിച്ച് നട തുറക്കുന്നത് ഇത്തവണ നേരത്തെയാക്കിയിരുന്നു. പുലര്‍ച്ചെ നാലു മണിക്ക് തുറന്നിരുന്ന നട, മൂന്നു മണിക്ക് തന്നെ തുറന്ന് ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ശനത്തിന് അവസരമുണ്ട്. 

വൈകീട്ട് മൂന്നു മണി മുതല്‍ 11 മണി വരെയാണ് ദര്‍ശനം അനുവദിച്ചിരുന്നത്. ഇത് ഇന്നു മുതല്‍ രാത്രി 11.30 വരെയാക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 24 മണിക്കൂറില്‍ അഞ്ചര മണിക്കൂര്‍ ഒഴികെ, മുഴുവന്‍ സമയവും ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. 

അതുപോലെ, പ്രത്യേക പൂജകളില്‍ സമയം ചുരുക്കി പരമാവധി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മേല്‍ശാന്തിമാര്‍ അടക്കമുള്ളവര്‍ക്ക് വിശ്രമത്തിന് അഞ്ചര മണിക്കൂര്‍ മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയും സമയം വര്‍ധിപ്പിക്കുക പ്രയാസകരമാണെന്ന് അനന്തഗോപന്‍ പറഞ്ഞു. 

ശബരിമലയില്‍ തിരക്ക് വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ആരാഞ്ഞിരുന്നു. ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാനാകുമോ എന്ന് തന്ത്രിയുമായി ആലോചിച്ച് അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ദര്‍ശനം കിട്ടാതെ ആരും മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com