ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ല: തന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 11:01 AM  |  

Last Updated: 12th December 2022 11:01 AM  |   A+A-   |  

kandararu_rajeevaru

തന്ത്രി കണ്ഠരര് രാജീവര്

 

പത്തനംതിട്ട: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നത് അടക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരാനിരിക്കേ,  ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. തിരക്ക് പരിഗണിച്ച് നിലവില്‍ ഒരു മണിക്കൂര്‍ ദര്‍ശനസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസങ്ങളിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. എന്നിട്ടും തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വീണ്ടും ദര്‍ശന സമയം നീട്ടുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. അതിനിടെയാണ് തന്ത്രിയുടെ വാക്കുകള്‍. 

അതിനിടെ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കണോ എന്നതിലടക്കം തീരുമാനമെടുത്തേക്കും. നിലവില്‍ 1.20 ലക്ഷം പേര്‍ക്കാണ് പ്രതിദിനം വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാവുന്നത്. ഇത് 85000 ആയി ചുരുക്കണമെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്. 

അതേസമയം, ഇന്ന് ഒരു ലക്ഷത്തിനു മുകളില്‍ ഭക്തരെത്തും. ഈ മണ്ഡലകാലത്തെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. 1,07,260 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഈ മണ്ഡലകാലത്ത് ഇത് രണ്ടാം തവണയാണ് ഒരു ലക്ഷത്തിന് മുകളില്‍ ഭക്തര്‍ എത്തുന്നത്. ഇന്നലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റതോടെ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയും ദര്‍ശനം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാല്‍ ഇന്നലെ തന്നെ ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ധിപ്പിക്കാന്‍ ഇടയില്ല.

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ദര്‍ശന സമയം കൂട്ടുന്നതിന്റെ സാധ്യത ഹൈക്കോടതി ആരാഞ്ഞത്. തന്ത്രിയുമായി ആലോചിച്ച് ഒരു മണിക്കൂര്‍ കൂടി നട തുറന്നു വയ്ക്കാനാകുമോ എന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിഗണിക്കണം. ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും നടപടിയെടുക്കണം. ഭക്തരില്‍ ഒരാളും ദര്‍ശനം കിട്ടാതെ മടങ്ങാന്‍ ഇടയാകരുത്. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കവിയുന്ന സാഹചര്യത്തില്‍ ഞായറാഴ്ച സ്‌പെഷല്‍ സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ വിഷയം പരിഗണിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശബരിമലയിലെ ഭക്തജനത്തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; ബുക്കിങ്ങ് ചുരുക്കണമെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ