ഹെല്‍മറ്റ് ധരിച്ച 'അജ്ഞാതന്‍' കമ്പിവടി കൊണ്ട് അടിച്ചു, വഴക്ക് തുമ്പായി; അന്വേഷണത്തില്‍ മരുമകളും സുഹൃത്തും കുടുങ്ങി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 08:25 AM  |  

Last Updated: 12th December 2022 08:25 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ചാരുംമൂട് നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. രാജുവിന്റെ മരുമകള്‍ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയില്‍ പാറപ്പുറത്ത് വടക്കതില്‍ ബിപിന്‍ (29) എന്നിവരാണ് പിടിയിലായത്.

നവംബര്‍ 29 ന് രാത്രി 11.30ന് ആണ് രാജുവിനെ ആക്രമിച്ചത്. ബൈക്കില്‍ വീട്ടിലേക്കു വന്ന രാജുവിനെ വീടിന് സമീപം വഴിയരികില്‍ കാത്തുനിന്ന ഹെല്‍മറ്റ് ധരിച്ച 'അജ്ഞാതന്‍' കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസിന് ആധാരം. അടിയേറ്റതെന്തിനെന്നോ ആരാണ് അടിച്ചതെന്നോ രാജുവിന് അന്നേരം മനസ്സിലായില്ലെന്ന് പൊലീസ് പറയുന്നു.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ചയാള്‍ വാഹനത്തില്‍ പോകുന്നതു കണ്ടെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല.അതിനിടെ, അടിയേറ്റ ദിവസം വൈകീട്ട് രാജു മരുമകളോട് കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തതു സംബന്ധിച്ച് വഴക്ക് ഉണ്ടാക്കിയതായി പൊലീസിന് വിവരം ലഭിച്ചു.ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്നു കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

 വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി സുഹൃത്ത് ബിപിനെ അറിയിക്കുകയും ചെയ്തിരുന്നു. ബിപിന്‍ എത്തി രാജുവിനെ ആക്രമിക്കുകയുമായിരുന്നു. അടിക്കാന്‍ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശബരിമലയിലെ ഭക്തജനത്തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; ബുക്കിങ്ങ് ചുരുക്കണമെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ