രണ്ടുപേരുടെ അറ്റുപോയ കൈകൾ തുന്നിച്ചേർത്തു; കോഴിക്കോട് മെഡിക്കൽ കോളജിന് അഭിമാന നിമിഷം 

പൂർണമായും അറ്റുപോയ കൈകൾ തുന്നിച്ചേർത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി
കോഴിക്കോട് മെഡിക്കല്‍ കോളജ്‌, ഫയല്‍ ചിത്രം
കോഴിക്കോട് മെഡിക്കല്‍ കോളജ്‌, ഫയല്‍ ചിത്രം

കോഴിക്കോട്: പൂർണമായും അറ്റുപോയ കൈകൾ തുന്നിച്ചേർത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി. പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ രണ്ടുപേർക്ക് നടത്തിയ സങ്കീർണ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്.  അസം സ്വദേശി അയിനൂർ (32), തൃശൂർ ചെറുതുരുത്തി സ്വദേശി നിബിൻ (22) എന്നിവർക്കാണ് ശസ്ത്രക്രിയ നടത്തിയത്.  രണ്ടുപേരും സുഖംപ്രാപിച്ച് വരുന്നതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി അറിയിച്ചു.ആദ്യമായാണ് കോഴി​ക്കോട് മെഡിക്കൽ കോളജിൽ ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത്.

ഈർച്ച മില്ലിലെ ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി ​ഇടതു കൈപ്പത്തി അറ്റനിലയിൽ നവംബർ 14നാണ് അയിനൂറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുടുംബകലഹത്തെ തുടർന്ന് കത്തികൊണ്ട് വെട്ടേറ്റാണ് നിബിന്റെ വലതു കൈപ്പത്തി അറ്റുപോയത്. ഡിസംബർ ഏഴിനായിരുന്നു സംഭവം.

അയിനൂറിന് എട്ടു മണിക്കൂറും നിബിന് 13 മണിക്കൂറൂം സമയമെടുത്താണ് കൈകൾ തുന്നിച്ചേർത്തത്. ​രക്ത ധമനികളെ തമ്മിൽ ചേർക്കുന്നതിന് സഹായിക്കുന്ന 'ഓപറേറ്റിങ് മൈക്രോസ്‌കോപ്' സംവിധാനം ഉപയോഗപ്പെടുത്തിയാണ് സങ്കീർണ ശസ്​ത്രക്രിയ പൂർത്തിയാക്കാനായത്. ഈ സംവിധാനം മെഡിക്കൽ കോളജിൽ പുതിയതാണ്.

സ്വകാര്യ ആശുപത്രിയിൽ നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയ പൂർണമായും സൗജന്യമായാണ് ഇവിടെ നടത്തിയത്. തുന്നിച്ചേർത്ത കൈകളുടെ പ്രവർത്തനം എൺപത് ശതമാനത്തോളം പഴയ രൂപത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.ഇരുവർക്കും എട്ട് ആഴ്ച കഴിഞ്ഞ് ഫിസിയോതെറാപ്പി ആരംഭിക്കും. സ്പർശന ശേഷി തിരികെ കിട്ടുന്നതിന് ഒന്നര വർഷം വേണ്ടിവരുമെന്നാണ് നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com