ട്രെയിന്‍ തട്ടി ചിതറിപ്പോകുന്ന മൃതദേഹ ഭാഗങ്ങള്‍ വീണ്ടെടുത്ത് ബന്ധുക്കള്‍ക്ക് നല്‍കുന്നത് 'ദൗത്യമാക്കി'; വേലായുധന്റെ മൃതദേഹം 10 ദിവസമായി മോര്‍ച്ചറിയില്‍

ട്രെയിന്‍ തട്ടി ചിതറിപ്പോകുന്ന മൃതദേഹ ഭാഗങ്ങള്‍ പെറുക്കിക്കൂട്ടി ആംബുലന്‍സില്‍ കയറ്റിയിരുന്ന വേലായുധന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഇതുവരെ ആരും എത്തിയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ട്രെയിന്‍ തട്ടി ചിതറിപ്പോകുന്ന മൃതദേഹ ഭാഗങ്ങള്‍ പെറുക്കിക്കൂട്ടി ആംബുലന്‍സില്‍ കയറ്റിയിരുന്ന വേലായുധന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഇതുവരെ ആരും എത്തിയില്ല. ബന്ധുക്കള്‍ എത്തുന്നതും കാത്തു ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് 10 ദിവസമായി.

രണ്ടു ദിവസം കൂടി കാത്തിരുന്നിട്ടും ആരും വന്നില്ലെങ്കില്‍ അനാഥരെയും തിരിച്ചറിയാത്തവരെയും മറവു ചെയ്യുന്ന ആലുവ അശോകപുരത്തെ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കാനാണു പൊലീസിന്റെ തീരുമാനം. 
മുന്‍പ് കുന്നത്തേരിയില്‍ താമസിച്ചിരുന്ന വേലായുധനെ (65) ഈ മാസം 3നു വൈകിട്ടാണ് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. 

തമിഴ്‌നാട്ടില്‍ നിന്നു 35 വര്‍ഷം മുന്‍പു വീട്ടുകാര്‍ക്കൊപ്പം ആലുവയില്‍ എത്തിയതാണ് വേലായുധന്‍. റെയില്‍വേ സ്റ്റേഷനില്‍ ക്യൂ നിന്നു യാത്രക്കാര്‍ക്കു ട്രെയിന്‍ ടിക്കറ്റ് എടുത്തു കൊടുക്കുകയാണ് ആദ്യം ചെയ്തിരുന്നത്. അന്നത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥരാണു വേലായുധനെ റെയില്‍പാളത്തില്‍ നിന്നു മൃതദേഹ ഭാഗങ്ങള്‍ ശേഖരിക്കുന്ന ജോലിക്കു നിയോഗിച്ചത്. പിന്നീട് അതൊരു വരുമാന മാര്‍ഗമായി. 

മറ്റുള്ളവര്‍ തൊടാന്‍ മടിക്കുന്ന ജീര്‍ണിച്ച മൃതദേഹങ്ങള്‍ എടുക്കുന്നതും ഇന്‍ക്വസ്റ്റിന് എത്തിക്കുന്നതും വേലായുധനും സുഹൃത്തുക്കളുമായിരുന്നു. അനാരോഗ്യം മൂലം കുറച്ചുനാള്‍ മുന്‍പു വേലായുധന്‍ ഇതില്‍ നിന്നു മാറി ലോട്ടറി ടിക്കറ്റ് വില്‍പന തുടങ്ങി. ഒടുവില്‍ അതിനും വയ്യാതായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ബൈപാസ് മേല്‍പാലം എന്നിവിടങ്ങളിലാണ് അന്തിയുറങ്ങിയിരുന്നത്. ഭാര്യയും മക്കളും ഉണ്ടെങ്കിലും മൃതദേഹങ്ങള്‍ എടുക്കുന്നതിലേക്കു തിരിഞ്ഞതോടെ അവരുമായുള്ള ബന്ധം മുറിഞ്ഞു എന്നാണു സുഹൃത്തുക്കള്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com