കൽക്കെട്ടിന് വേണ്ടത്ര ചെരിവില്ല; കുതിരാൻ ദേശീയ പാത റോഡിലെ വിള്ളലിന് കാരണം നിർമാണത്തിലെ അപാകത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2022 12:54 PM  |  

Last Updated: 17th December 2022 12:54 PM  |   A+A-   |  

NATIONAL_HIGH_WAY

റോഡിലെ വിള്ളൽ/ ടെലിവിഷൻ ദൃശ്യം

 

തൃശൂർ: കുതിരാൻ ദേശീയ പാതയിലെ കൽക്കെട്ട് നിർമാണത്തിൽ അപാകതയെന്ന് കണ്ടെത്തൽ. പ്രൊജക്ട് ഡയറക്ടറാണ് നിർമാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയത്. കൽക്കെട്ടിന് മതിയായ ചെരിവില്ലെന്നാണ് നാഷണൽ ഹൈവേ പ്രൊജക്ട് ഡയറക്ടർ വിപിൻ മധു വ്യക്തമാക്കി. റോഡിൽ വിള്ളൽ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രൊജക്ട് ഡയറക്ടർ ഇവിടെ പരിശോധനയ്ക്കെത്തിയത്. 

ദേശീയ പാതയോട് ചേർന്ന് നിർമിച്ച കൽ ഭിത്തിയിലെ നിർമാണത്തിൽ സംഭവിച്ച അപാകതയാണ് റോഡിൽ വിള്ളലുണ്ടാകാൻ കാരണമെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. വിള്ളൽ കണ്ട ദേശീയ പാതയുടെ സമീപത്തായി ഒരു സർവീസ് റോഡ് നിർമിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സർവീസ് റോഡ് ദേശീയ പാതയുടെ മാപ്പിൽ ഇല്ല. 

ജനങ്ങളുടെ ആവശ്യം പരി​ഗണിച്ചാണ് ഇങ്ങനെയൊരു സർവീസ് റോഡ് ദേശീയ പാതയ്ക്ക് അരികിലായി നിർമിച്ചത്. ഈ റോഡിന്റെ നിർമാണത്തിന് കണക്കാക്കിയാണ് കൽ ഭിത്തിയും പണിഞ്ഞത്. പക്ഷേ അങ്ങനെ വന്നപ്പോൾ കൽ ഭിത്തിക്ക് മതിയായ ചെരിവ് കൊടുക്കാൻ സാധിച്ചില്ല. കൽ ഭിത്തി ഇനിയും ചെരിഞ്ഞാണ് നിർമിക്കേണ്ടത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

കൽക്കെട്ടിന് മതിയായ ചെരിവ് ഇല്ലാതെ വന്നതോടെയാണ് റോഡിൽ വിള്ളൽ വന്നതും ഇടിയാൻ കാരണമായതും. കൽക്കെട്ട് പൊളിച്ച് കൂടുതൽ പരിശോധന വേണമെന്ന നി​ഗമനത്തിലാണ് ദേശീയപാതാ അധികൃതർ. 

ഈ വാർത്ത കൂടി വായിക്കൂ 

അട്ടപ്പാടിയിൽ പുലിയിറങ്ങി; തോട്ടത്തിൽ കെട്ടിയിട്ട രണ്ട് പശുക്കളെ കടിച്ചു കൊന്നു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ