സെക്കന്റില്‍ 1ജിബി വേഗത; കൊച്ചിയിലും ഗുരുവായൂരിലും 5ജി എത്തി, 22മുതല്‍ തിരുവനന്തപുരത്തും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th December 2022 07:21 PM |
Last Updated: 20th December 2022 07:21 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
കൊച്ചി: റിലയന്‍സ് ജിയോയുടെ 5ജി സേവനമായ 'ജിയോ ട്രൂ 5ജി' കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ഇന്നു മുതല്‍ 5ജി ലഭ്യമാകും. 22മുതല്‍ തിരുവനന്തപുരത്തും ജനുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങളിലും 5ജിയാകും. 5ജി സേവനം കേരളത്തിന്റെ ആരോഗ്യ,വിദ്യാഭ്യാസ,വ്യവസായിക മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എയര്‍ടെല്‍ 5ജി കൊച്ചിയില്‍ പലയിടങ്ങളിലും ലഭ്യമാണെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ജിയോയുടെ 5ജി ശൃംഖല അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി.
സെക്കന്‍ഡില്‍ 1 ജിബി വരെ വേഗം നല്‍കുമെന്നാണ് ജിയോയുടെ അവകാശവാദം. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിഗ്‌നല്‍ അയയ്ക്കുന്ന നോണ്‍-സ്റ്റാന്‍ഡ് എലോണ്‍ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇത് പൂര്‍ണമായും കാര്യക്ഷമമല്ലാത്തതിനാല്‍ 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സംവിധാനമാണ് 'റിലയന്‍സ് ട്രൂ 5ജി'യിലുണ്ടാവുക.
ജിയോ ഉപയോക്താക്കള്‍ക്ക് 5ജി ലഭിക്കാന്‍ സിം കാര്‍ഡ് മാറേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണ്‍ ഉണ്ടായിരിക്കണം. പോസ്റ്റ്‌പെയ്ഡ് കണക!്ഷനോ അടിസ്ഥാന പ്രീപെയ്ഡ് പ്ലാന്‍ ആയ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമുണ്ടെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. മൈ ജിയോ ആപ്പ് തുറക്കുമ്പോള്‍ ഏറ്റവും മുകളില്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ കാണുന്നുണ്ടെങ്കില്‍ ക്ഷണം ലഭിച്ചുവെന്നര്‍ഥം. അതില്‍ 'I'm interested' ഓപ്ഷന്‍ തെരഞ്ഞെടുത്ത് നടപടി പൂര്‍ത്തിയാക്കാം. ഫോണിന്റെ സെറ്റിങ്ങിങ്‌സില്‍ മൊബൈല്‍ നെറ്റ്‌വര്‍ക് മെനു തുറന്ന് ജിയോ സിം തെരഞ്ഞെടുക്കുക. ഇതില്‍ 'പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക് ടൈപ്പില്‍' 5ജി ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളില്‍ 5ജി ചിഹ്നം പ്രത്യക്ഷമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ ശല്യങ്ങള്‍ ഒഴിവാക്കണോ?, ഇന്‍കമിങ് കോള്‍ നോട്ടിഫിക്കേഷന്‍ 'സ്വിച്ച് ഓഫ്' ചെയ്യാം; പുതിയ ഫീച്ചര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ