സ്‌കൂട്ടര്‍ യാത്രക്കാരന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കുരുങ്ങി അപകടം; കരാറുകാരന്‍ അറസ്റ്റില്‍ 

സ്‌കൂട്ടര്‍ യാത്രക്കാരന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കുരുങ്ങി കഴുത്തിന് സാരമായി പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: സ്‌കൂട്ടര്‍ യാത്രക്കാരന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കുരുങ്ങി കഴുത്തിന് സാരമായി പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ കയര്‍ സ്ഥാപിച്ചതില്‍ കരാറുകാരന്‍ നസീര്‍ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

അപകടം നടന്ന കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് കരാര്‍ എടുത്തത് നസീറാണ്. മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതെ കയര്‍ റോഡിന് കുറുകെ ഇട്ടതിനും അപകടമുണ്ടാകുന്ന തരത്തില്‍ അശ്രദ്ധമായി പൊതുമരാമത്ത് പണികള്‍ നടത്തിയതിനുമാണ് അറസ്റ്റ്്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ കുരുങ്ങി പരിക്കേറ്റ ജോണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

റോഡില്‍ ടൈല്‍ പാകുന്നതിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടാന്‍ ബോര്‍ഡോ മറ്റ് അടയാളമോ സ്ഥാപിക്കാതെ റോഡിനു കുറുകെ കെട്ടിയ പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ കുരുങ്ങി തെക്കുംഭാഗം കളപ്പുരയ്ക്കല്‍ ജോണി ജോര്‍ജിനാണ് (60) കഴുത്തിനു സാരമായി പരിക്കേറ്റത്. ഗതാഗതം തടയുന്നതിനായി കനം കുറഞ്ഞ പ്ലാസ്റ്റിക് വള്ളി റോഡിനു കുറുകെ വൈദ്യുതി തൂണുകളില്‍ വലിച്ചു കെട്ടിയിരുന്നു. ജോണി ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ വള്ളിയില്‍ തട്ടി ഇരുവരും മറിഞ്ഞു വീണു. പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ കുരുങ്ങി സാരമായി മുറിവേറ്റ ജോണി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com