'ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല'; നിയന്ത്രണത്തെ ന്യായീകരിച്ച്  ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

25 വയസ്സാകുമ്പോഴാണ് ഒരാള്‍ക്ക് ബുദ്ധി വളര്‍ച്ചയും പക്വതയും ഉണ്ടാകുന്നത്
ഹൈക്കോടതി
ഹൈക്കോടതി

കൊച്ചി: ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണ്. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. രാത്രി ഒമ്പതു മണിക്ക് കോളജ് ലൈബ്രറികള്‍ അടയ്ക്കും. അതിനാല്‍ ഒമ്പതരയ്ക്ക് ഹോസ്റ്റലില്‍ എത്തിച്ചേരണമെന്ന സമയക്രമം നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ലെന്നും ആരോഗ്യസര്‍വകലാശാല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനികളാണ് രാത്രി ഒമ്പതരയ്ക്ക് ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന കാര്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ഇതിനുള്ള മറുപടിയിലാണ് ആരോഗ്യസര്‍വകലാശാല നിലപാട് അറിയിച്ചത്.

രാജ്യാന്തരതലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, 25 വയസ്സാകുമ്പോഴാണ് ഒരാള്‍ക്ക് ബുദ്ധി വളര്‍ച്ചയും പക്വതയും ഉണ്ടാകുന്നത്. അതുകൊണ്ട് 25 വയസ്സിന് മുമ്പ് പറയുന്നത് അംഗീകരിക്കാനാകില്ല. 25 വയസ്സിനു മുമ്പുള്ള തീരുമാനങ്ങള്‍ക്കെല്ലാം ഒരു ഗൈഡന്‍സ് ആവശ്യമാണ്. പഠിക്കാനാണ് ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നത്. അതിനാല്‍ നൈറ്റ് ലൈഫ് എന്‍ജോയ് ചെയ്യേണ്ടതില്ല. രാത്രി ഒമ്പതരയ്ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന് പറയുന്നതില്‍ തെറ്റില്ല. മറ്റ് ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ രാത്രി പുറത്തിറങ്ങേണ്ടതില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രമാണ് സമയക്രമം കര്‍ശനമായി നടപ്പാക്കുന്നതെന്നും, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലെന്നും അതിനാല്‍ തങ്ങള്‍ വിവേചനം നേരിടുന്നതായും വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാത്രി 11ന് ശേഷവും റീഡിങ് റൂമുകള്‍ തുറന്നുവയ്ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് ഹോസ്റ്റല്‍ സമയക്രമം കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യസര്‍വകലാശാല സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. 

ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ആവശ്യമുയര്‍ന്നാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്നതില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com