വന്യമൃഗങ്ങള്‍ക്ക് മാത്രം മതിയോ... മനുഷ്യര്‍ക്കും ജീവിക്കണ്ടേ ?

മനുഷ്യരേക്കാള്‍ കൂടുതല്‍ മൂല്യം കടുവകള്‍ക്ക് നല്‍കുന്നതെന്തിനാണ്?
ക്ലീമീസ് ബാവ/ ചിത്രം: വിന്‍സെന്റ് പുളിക്കല്‍/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
ക്ലീമീസ് ബാവ/ ചിത്രം: വിന്‍സെന്റ് പുളിക്കല്‍/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

തിരുവനന്തപുരം: പരിസ്ഥിതിക്കെതിരല്ലെന്നും എന്നാല്‍ ബഫര്‍സോണ്‍ വിഷയത്തില്‍ പള്ളി ജനങ്ങള്‍ക്കൊപ്പമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാവ. ജനങ്ങളുടെ ഉത്കണ്ഠ കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങള്‍ ജീവിതം അല്ലെങ്കില്‍ മരണം എന്ന സിറ്റുവേഷനിലാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതികരണം എങ്ങനെയാണെന്ന് പറയാനാകില്ലെന്ന് ക്ലീമീസ് ബാവ അഭിപ്രായപ്പെട്ടു.

ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയാരുന്നു ക്ലീമീസ് ബാവ. സമരത്തിന് പിന്നില്‍ പള്ളിയല്ല. പരിസ്ഥിതി ലോല മേഖല ബാധിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെയാണ്. ഇവരെല്ലാം കയ്യേറ്റക്കാരല്ല. കര്‍ഷകര്‍ അവരുടെ പ്രശ്‌നവുമായി സമരരംഗത്തേക്ക് വരുമ്പോള്‍, പള്ളി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ക്ലീമിസ് ബാവ അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സാറ്റലൈറ്റ് സര്‍വേ നടത്തുന്നതെന്ന കാര്യം അംഗീകരിക്കുന്നു. അതേസമയം അവിടെ ജീവിക്കുന്ന ജനങ്ങള്‍ എവിടെ പോകും?. കര്‍ഷകരായ ജനങ്ങളുടെ പ്രശ്‌നം എന്തുകൊണ്ട് ഗൗരവത്തോടെ കാണുന്നില്ല?. ആര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്...ജനങ്ങള്‍ക്കോ, അതോ മൃഗങ്ങള്‍ക്കോ?. ക്ലിമീസ് ബാവ ചോദിക്കുന്നു.  

എന്തുകൊണ്ടാണ് ഈ ജനങ്ങളുടെ ദുരവസ്ഥ മറ്റുള്ളവര്‍ക്ക് ആശങ്കയായി മാറാത്തത്?. ഈ വിഷയത്തില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ നയം കേരളം സ്വീകരിക്കണം. സീറോ ബഫര്‍സോണ്‍ എന്നതാണ് കേരളത്തിന്റെ നിലപാടെങ്കില്‍, ഒരാളും സര്‍ക്കാരിനെതിരെ എതിര്‍പ്പുമായി രംഗത്തു വരില്ലെന്ന് ക്ലീമീസ് ബാവ പറഞ്ഞു. ഇത് പള്ളി മുന്നോട്ടു വെക്കുന്ന ഡിമാന്‍ഡല്ല. 

ഈ വിഷയത്തിനു പിന്നിലെ സമരത്തിലും പള്ളിയില്ല. കര്‍ഷകര്‍ അടക്കമുള്ള ജനങ്ങളുടെ പ്രശ്‌നം പള്ളി ഉയര്‍ത്തിക്കാട്ടുന്നു എന്നു മാത്രമാണ്. മനുഷ്യരേക്കാള്‍ കൂടുതല്‍ മൂല്യം കടുവകള്‍ക്ക് നല്‍കുന്നതെന്തിനാണ്?. മൃഗങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലം ഉറപ്പുവരുത്താന്‍ ശ്രമിക്കുമ്പോള്‍, മനുഷ്യര്‍ക്ക് സ്ഥലമില്ലാതായിപ്പോകുകയാണ്. 

എന്തിനാണ് എല്ലാ കടുവകളേയും സംരക്ഷിക്കാന്‍ കേരളം ബാധ്യത കാട്ടുന്നത് ?. അവയെ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ അനുവദിക്കൂ. കാടുകള്‍ തമ്മില്‍ ബന്ധമുണ്ടാക്കിയാല്‍ മതി. കടുവകള്‍ക്കായി ഒരു വിശാല ഇടനാഴി ഒരുക്കികൊടുത്താല്‍ മതി. മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കണ്ടേയെന്നും ക്ലീമീസ് ബാവ ചോദിച്ചു. 

വിഴിഞ്ഞം വിഷയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയത് ന്യായയുക്തമായ സമരമാണ്. അത് അതേ അര്‍ത്ഥത്തില്‍ തന്നെ പരിഗണിക്കേണ്ടതാണ്. അത് ക്രൈസ്തവ സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല. സമരം ദീര്‍ഘകാലം നീണ്ടു നില്‍ക്കുകയും, കൈവിട്ടുപോകുന്ന അവസ്ഥ വരികയും സാമുദായിക ചേരിതിരിവ് രൂക്ഷമാകുകയും ചെയ്യുന്ന അവസ്ഥ വന്നു. 

ഇത് സമൂഹത്തിന് ഒരുതരത്തിലും ഗുണകരമല്ല. ഈ ഘട്ടത്തിലാണ് പ്രശ്‌നപരിഹാരത്തിനായി താന്‍ ഇടപെട്ടത്. ഒരു മതമേലധ്യക്ഷന്‍ സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ബോധവാനായ വ്യക്തിയാണ്. വിഴിഞ്ഞം ചര്‍ച്ചയില്‍ സംതൃപ്തിയുണ്ടെന്നും ക്ലീമിസ് ബാവ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com