'വ്യതിചലനം ഉണ്ടായാല്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടും; തിരുത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ അവര്‍ക്ക് സ്ഥാനമില്ല': പി ജയരാജന്‍ 

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ , ഊതിക്കാച്ചിയ പൊന്നു പോലെ ശുദ്ധമായ ഒരു പ്രസ്ഥാനം രൂപപ്പെടുകയാണ് ചെയ്യുകയെന്ന് ജയരാജൻ പറഞ്ഞു
jayarajan
jayarajan

കാഞ്ഞങ്ങാട്: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഏതെങ്കിലും വ്യതിചലനം ഉണ്ടായാല്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. തിരുത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുമെന്ന് പി ജയരാജന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഒരു സിപിഎം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിനു വേണ്ടി പൊരുതുകയും നാട്ടിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യുകയും ചെയ്തിട്ടുള്ള സിപിഎമ്മിനെ എല്ലാക്കാലത്തും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ആക്രമണം നടത്താന്‍ വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും തയ്യാറായിട്ടുണ്ട്. സിപിഎമ്മിനകത്ത് വലിയ കുഴപ്പം നടക്കാന്‍ പോകുന്നു എന്ന മട്ടിലാണ് ഇന്നലത്തെയും ഇന്നത്തെയും മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പറയുന്നത്. 

ജനങ്ങളോട് പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്താല്‍ മതി. അല്ലയോ വലതുപക്ഷ മാധ്യമങ്ങളേ...സിപിഎം എന്ന പാര്‍ട്ടി ഒരു പ്രത്യേക തരം പാര്‍ട്ടിയാണ്. അത് കോണ്‍ഗ്രസിനെപ്പോലെയല്ല, ബിജെപിയെപ്പോലെയല്ല, മുസ്ലിം ലീഗിനെപ്പോലെയല്ല... ഓരോ പാര്‍ട്ടി മെമ്പറും സിപിഎമ്മിലേക്ക് കടന്നുവരുമ്പോള്‍ ഒപ്പിട്ടു നല്‍കുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തി താല്‍പ്പര്യം പാര്‍ട്ടിയുടേയും സമൂഹത്തിന്റേയും താല്‍പ്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്തണം എന്നാണ്. 

അത് കൃത്യമായിട്ട് നടപ്പാക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ നാടിന്റെ താല്‍പ്പര്യത്തിന്, പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന് കീഴ് വഴങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാര്‍ട്ടി നേതാവും ഓരോ പാര്‍ട്ടി അംഗവും സ്വീകരിക്കേണ്ടത്. സ്വാഭാവികമായിട്ടും നമ്മുടെ സമൂഹത്തില്‍ ഒട്ടേറെ ജീര്‍ണതകളുണ്ട്. ആ ആശയങ്ങള്‍ സിപിഎമ്മിന്റെ ഏതെങ്കിലും ഒരു പ്രവര്‍ത്തകനെ ബാധിക്കുമ്പോള്‍ സ്വാഭാവികമായിട്ടും പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇങ്ങനെ ബാധിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടും.

കാരണം സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്കു വേണ്ടിയിട്ടാണ്. ആ മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതാണ് സിപിഎം പ്രവര്‍ത്തകന്മാര്‍. വ്യതിചലനം ഉണ്ടെങ്കില്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കും. തിരുത്താന്‍ ആവശ്യപ്പെടും. തിരുത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും. അതാണ് സിപിഎമ്മിന്റെ സവിശേഷത. പി ജയരാജന്‍ പറഞ്ഞു.

ഈ നിലപാട് കോണ്‍ഗ്രസിനകത്ത് ഉണ്ടോയെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ പറയട്ടെയെന്ന് പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ ഈ പാര്‍ട്ടി തകരുകയല്ല ചെയ്യുക, ഊതിക്കാച്ചിയ പൊന്നു പോലെ ശുദ്ധമായ സ്വര്‍ണം കിട്ടുന്നതുപോലെ ശുദ്ധമായിട്ടുള്ള ഒരു പ്രസ്ഥാനം രൂപപ്പെടുകയാണ് ചെയ്യുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.  

കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com