'കോടികളുടെ നിക്ഷേപം എവിടെനിന്നു വന്നു? '; റിസോര്‍ട്ട് വിവാദത്തില്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്‌

ജയരാജന്‍ മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ അഴിമതിയെന്നും സുധാകരന്‍ പറഞ്ഞു
കെ സുധാകരന്‍ മാധ്യമങ്ങളോട്/ ടിവി ദൃശ്യം
കെ സുധാകരന്‍ മാധ്യമങ്ങളോട്/ ടിവി ദൃശ്യം

കണ്ണൂര്‍: ഇ പി ജയരാജനെതിരായ ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരോപണത്തിന്മേല്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. വിഷയം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ല. ജയരാജന്‍ മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ അഴിമതിയെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജയരാജന്‍ മന്ത്രിയായിരിക്കുമ്പോഴാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കം. അതുകൊണ്ടുതന്നെ ഇത് സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമായി കാണാന്‍ കഴിയില്ല. സാമ്പത്തിക ഇടപാടാണ്. എവിടെ നിന്ന് സമ്പത്ത് വന്നു എന്നതൊരു ചോദ്യമാണ്. ജയരാജന്റെ മകന് ദുബായില്‍ പെട്രോളിയത്തിന്റെ ക്ലിയറിങ്ങ് യൂണിറ്റ് ഉണ്ടെന്നാണ് സ്വപ്‌ന സുരേഷ് ആരോപിച്ചിട്ടുള്ളത്. 

റിസോര്‍ട്ടിനും കോടികളുടെ ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടായിട്ടില്ലേ. ഈ ഇന്‍വെസ്റ്റ്‌മെന്റ് എവിടെ നിന്നും വന്നു എന്നത് ഒരു ചോദ്യമല്ലേ. ഇത് ഒരു പാര്‍ട്ടിയുടെയോ, വ്യക്തിയുടേയോ ആഭ്യന്തര കാര്യമാണോയെന്ന് സുധാകരന്‍ ചോദിച്ചു. ഒരു മന്ത്രിയെന്ന നിലയ്ക്ക് അധികാരം ദുര്‍വിനിയോഗം ചെയ്ത് സമ്പത്തുണ്ടാക്കിയാല്‍ അതെങ്ങനെയാണ് സ്വന്തം കാര്യമാകുന്നത്?. അഭ്യന്തര കാര്യമാകുന്നതെങ്ങനെയാണ്?.

അങ്ങനെയെങ്കില്‍ ഏതെങ്കിലും ഒരു മന്ത്രി അഴിമതി കാണിച്ചാല്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുമോ?. കെ സുധാകരന്‍ ചോദിച്ചു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് മുമ്പേ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. താന്‍ തന്നെ ഇതേ വിഷയത്തില്‍ ഒന്നോ രണ്ടോ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ആഭ്യന്തരകാര്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അതില്‍ പ്രതികരണത്തിനില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

'2019 മുതല്‍ എന്തിന് സിപിഎം ഒളിപ്പിച്ചു വെച്ചു?'

ഇപി ജയരാജനെതിരായ ആരോപണം 2019 മുതല്‍ എന്തിന് സിപിഎം ഒളിപ്പിച്ചു വെച്ചു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. എന്തുകൊണ്ട് പാര്‍ട്ടി നടപടി എടുക്കുന്നില്ല? . എന്തുകൊണ്ട് എം വി ഗോവിന്ദന്‍ ഇതുവരെ ഇടപെടാതിരുന്നു. റിസോര്‍ട്ടിന്റെ മറവില്‍ നടന്ന അനധികൃത സ്വത്തു സമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും കേരളത്തിലെ വിജിലന്‍സ് എന്തേ അറിയാതെ പോയി?. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമല്ല, ഗൗരവകരമായ അഴിമതിയാണ്. ഇത് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com