'നമ്പിയാരെന്ന് ചോദിച്ചു; നമ്പിയാരെന്ന് ചൊല്ലിനേന്‍...'; വീഡിയോ ക്ലിപ്പിങ്ങുമായി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍

ഇപി ജയരാജനെതിരായത് രാഷ്ട്രീയ വിവാദമല്ല, ആരോപണങ്ങള്‍ പലതും ഗൗരവസ്വഭാവമുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു
വീഡിയോ ക്ലിപ്പിങ്ങുമായി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍/ ടിവി ദൃശ്യം
വീഡിയോ ക്ലിപ്പിങ്ങുമായി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍/ ടിവി ദൃശ്യം

മലപ്പുറം: ഇ പി ജയരാജനെതിരായ ആരോപണത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അതേ തരത്തില്‍ മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അന്നത്തെ പ്രതികരണത്തിന്റെ വീഡിയോ ക്ലിപ്പിങ്ങ് സഹിതമാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കണ്ടത്. 

സിപിഎം യോഗത്തിലെ വാര്‍ത്ത ചോര്‍ന്നു എന്നു ചൂണ്ടിക്കാണിച്ച് മാധ്യമങ്ങള്‍ തന്നോട് ചോദ്യം ചോദിച്ചു. ആഭ്യന്തരകാര്യം ആണെങ്കിലും അഭിപ്രായം പറയുന്നുണ്ടോ എന്നാണ് ചോദിച്ചത്. വാര്‍ത്ത വന്ന അന്നാണ് ചോദിച്ചത്. 

ആഭ്യന്തര പ്രശ്‌നമാണെന്ന് നിങ്ങള്‍ തന്നെ പറയുന്നു, പിന്നെ താനെന്തിന് മറുപടി പറയണമെന്ന് തിരിച്ചു ചോദിച്ചു. ചോദ്യവും ഉത്തരവും തന്റെതല്ല, മാധ്യമങ്ങളുടേതാണ്. തന്റെ ഭാഗത്തു നിന്നും കൂടുതല്‍ വിശദീകരണമുണ്ടായിട്ടുമില്ല. ഈ വിഷയത്തില്‍ ആദ്യമായാണ് താന്‍ പ്രതികരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ലീഗില്‍ ഒരേ സ്വരം'

പിന്നീട് ലീഗ് നേതാക്കളുടെ പ്രസ്താവനകള്‍ കൂട്ടിചേര്‍ത്ത് വളരെ കലാപരമായി മാധ്യമങ്ങള്‍ തന്നെയാണ് മുസ്ലിം ലീഗില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗില്‍ ഒരേ സ്വരമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.  അന്നത്തെ പ്രതികരണത്തിന്റെ വീഡിയോ ക്ലിപ്പിങ്ങ് സഹിതമാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. 

കുഞ്ചന്‍ നമ്പ്യാരുടെ ശ്ലോകം ചൊല്ലിയായിരുന്നു വിശദീകരണം.  'നമ്പിയാരെന്ന് ചോദിച്ചു; നമ്പിയാരെന്ന് ചൊല്ലിനേന്‍ നമ്പി കേട്ടതും കോപിച്ചു, തമ്പുരാനേ ക്ഷമിക്കണേ' എന്നു പറഞ്ഞ സ്ഥിതിയാണ് ഇപ്പോള്‍ തനിക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപി ജയരാജനെതിരായ ആരോപണത്തില്‍ മുസ്ലിം ലീഗ് അന്വേഷണം ആവശ്യപ്പെടുകയാണ്. 

'തൃപ്തികരമായ അന്വേഷണം വേണം'

വിഷയത്തില്‍ തൃപ്തികരമായ അന്വേഷണം വേണം. അതില്‍ ഒരുപാട് വിഷയങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്. സാമ്പത്തിക ആരോപണം വളരെ ഗൗരവമേറിയതാണ്. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍, അധികാരത്തില്‍ നിന്നു പോയാലും ശരി ഇരിക്കുമ്പോഴാണെങ്കിലും ശരി ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പൊതു സമൂഹത്തിന് ബോധ്യം വരുന്ന തരത്തിലുള്ള അന്വേഷണം നടത്തണം. ഇപി ജയരാജനെതിരായത് രാഷ്ട്രീയ വിവാദമല്ല, ആരോപണങ്ങള്‍ പലതും ഗൗരവസ്വഭാവമുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com