മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി കിടന്നില്ല; പ്രസംഗം പുറത്തുവന്നതില്‍ ഗൂഢാലോചനയില്ല: സജി ചെറിയാന്‍

വിവാദമായ ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ തന്റെ രാജി ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചായിരുന്നെന്ന് സജി ചെറിയാന്‍
സജി ചെറിയാന്‍/ഫയല്‍
സജി ചെറിയാന്‍/ഫയല്‍


ആലപ്പുഴ: വിവാദമായ ഭരണഘടനാവിരുദ്ധ പ്രസംഗത്തിന് പിന്നാലെ താന്‍ രാജിവച്ചത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചായിരുന്നു എന്ന് സജി ചെറിയാന്‍. മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ രണ്ടു കേസുകള്‍ വന്നതുകൊണ്ടുകൂടിയാണ് രാജിവെച്ചത്. അതില്‍ അന്തിമാഭിപ്രായം പറയേണ്ടത് കോടതിയാണ്. പൊലീസ് അന്വേഷിച്ച കേസില്‍ ബോധപൂര്‍വമായി ഭരണഘടനയെ അധിക്ഷേപിക്കുന്ന പ്രസംഗമല്ല നടത്തിയതെന്ന് വ്യക്തമായി. നിയമസഭയിലെ പ്രസംഗത്തില്‍ തന്നെ അക്കാര്യം വ്യക്തമാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെന്നും സജി ചെറിയാന്‍ പറഞ്ഞു.

'മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി കിടന്നില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനം പോകുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടില്ല. പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ വ്യക്തിപരമായ ധാര്‍മ്മികതയുടെ പുറത്തുമാത്രമല്ല, പാര്‍ട്ടിയുടെ ധാര്‍മ്മികതകൂടി ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാജി. ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് അഭിപ്രായം വന്നപ്പോള്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് ഞാനും പാര്‍ട്ടിയും പറഞ്ഞത്. പരാതിക്കാരനും പ്രതിപക്ഷനേതാവിനും പരാതിയുണ്ടെങ്കില്‍ ഇനിയും മുന്നോട്ടുപോകാം'- സജി ചെറിയാന്‍ പറഞ്ഞു.

രണ്ടുകേസുകളെ സംബന്ധിച്ച് തീരുമാനമുണ്ടായപ്പോള്‍ ധാര്‍മികമായ രാജി പിന്‍വലിക്കുന്ന കാര്യം ആലോചിക്കേണ്ടത് പാര്‍ട്ടിയാണ്. ആ ആലോചനയാണ് പാര്‍ട്ടി നടത്തിയത്. ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഭരണഘടനാവിരുദ്ധമായി പ്രസംഗിച്ചെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നാല്‍, അതില്ലെന്ന് കോടതി വ്യക്തമായി പറഞ്ഞു. ഇപ്പോള്‍ മന്ത്രിയാവുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

പൊതുപ്രവര്‍ത്തനം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്. ഭരണഘടനയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളോടാണ് പ്രതികരിക്കുന്നത്. ഭരണഘടന സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമെന്നനിലയിലും ഭരണഘടനാ വിരുദ്ധനായിട്ടുള്ള ആളല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം വീഡിയോ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com