22 യാത്രക്കാരില്‍ നിന്ന് 23 കിലോ സ്വര്‍ണം പിടിച്ചെടുത്തു, കരിപ്പൂരില്‍ വന്‍വേട്ട; അപൂര്‍വ്വ സംഭവം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 08:31 PM  |  

Last Updated: 02nd February 2022 08:31 PM  |   A+A-   |  

gold seized in karipur

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. സ്വര്‍ണവുമായി വന്നവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായിട്ടുണ്ട്.

 ഇന്ന് പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. ഏകദേശം മൂന്ന് മണിക്കൂറോളം നേരമാണ് വിവിധ വിമാനങ്ങളില്‍ കരിപ്പൂരില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍തോതില്‍ സ്വര്‍ണമെത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിപുലമായ രീതിയിലുള്ള പരിശോധന. 

ഗള്‍ഫില്‍ നിന്ന് വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തിലെ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ ഇത്രയും ആളുകള്‍ ഒരേ സമയം പിടിയിലാവുന്നത് അപൂര്‍വ്വമാണെന്നാണ് റിപ്പോര്‍ട്ട്.