അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജ്; മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; വ്യക്തിവൈരാഗ്യം കൊലയിലേക്കെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 12:37 PM  |  

Last Updated: 02nd February 2022 12:37 PM  |   A+A-   |  

binuraj

കൊല്ലപ്പെട്ട അജികുമാർ, ബിനുരാജ്/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല കല്ലമ്പലത്ത് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ അജികുമാറിനെ കൊലപ്പെടുത്തിയത് സുഹൃത്ത് ബിനുരാജ് ആണെന്ന് പൊലീസ്. അജികുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. ഇരുവരും തമ്മില്‍ നേരത്തെ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് സൂചിപ്പിച്ചു. 

ബിനുരാജ് നടത്തിയിരുന്ന ജിമ്മില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. ബിനുരാജിന്റെ വാഹനത്തിലും രക്തക്കറ കണ്ടെത്തി. വീടിന് പിന്നാലെ പൈപ്പില്‍ കത്തി കഴുകിയതിന്റെ തെളിവുകളും ലഭിച്ചു. കൂടാതെ ബിനുരാജിന്റെ വസ്ത്രങ്ങളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. മദ്യപാനത്തിനിടെ വാക്കുതര്‍ക്കം ഉണ്ടാകുകയും ബിനുരാജ് അജികുമാറിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

അജികുമാറിനെ കൊലപ്പെടുത്തിയ ബിനുരാജ് ഇന്നലെ പുലര്‍ച്ചെ വാഹനാപകടത്തില്‍ മരിച്ചു. ബസിന് മുന്നില്‍ ചാടി ബിനുരാജ് ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അജികുമാറിന്റെ കൊലപാതകത്തില്‍ അന്വേഷണം തന്റെ നേരെ നീളുന്നു എന്നു മനസ്സിലാക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.  

ദേശീയപാതയില്‍ ഇരുപ്പത്തിയെട്ടാം മൈലിന് സമീപം  മാങ്ങാട്ടുവാതുക്കല്‍ സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചാണ് ബിനുരാജ് മരിച്ചത്. ബസിന് മുന്നിലേക്ക് ഒരാള്‍ ചാടുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

അജികുമാര്‍ വീടിന് മുന്നില്‍ മരിച്ച നിലയില്‍

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആലപ്പുഴ പിഡബ്ലുഡിയില്‍ ഹെഡ് ക്ളര്‍ക്കായ കല്ലമ്പലം മുള്ളറംകോട് കാവുവിള ലീലാകോട്ടേജില്‍ അജികുമാർ എന്ന തമ്പിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ പത്രമിടാന്‍ വന്നയാളാണ് വീടിന്റെ സിറ്റൗട്ടിലെ കസേരയ്ക്ക് സമീപം അജികുമാര്‍ മരിച്ചു കിടക്കുന്നത് കണ്ടത്.  

അജികുമാറിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. മുറിയില്‍ രക്തം തളംകെട്ടിക്കിടന്നിരുന്നു. ഭാര്യയുമായി പിണങ്ങി ഒറ്റക്ക് താമസിക്കുന്ന അജികുമാറിന്റെ വീട്ടില്‍ ഞായറാഴ്ച സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപാനം നടന്നിരുന്നതായി അയല്‍ക്കാർ പൊലീസിന് മൊഴി നല്‍കി. ഇതേത്തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

അജിത്ത് വാഹനം ഇടിച്ച് കൊല്ലപ്പെടുന്നു

ഇതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ അജികുമാറിന്റെ സുഹൃത്തുക്കളിലൊരാളായ അജിത്ത് കൊല്ലപ്പെടുന്നത്. റോഡിലൂടെ നടന്ന് പോയ അജിത്തിന്റെ ദേഹത്ത് വാഹനം ഇടിക്കുകയായിരുന്നു. പ്രമോദ് എന്നയാൾക്ക് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.  ഇതിന് പിന്നാലെ സുഹൃത്ത് സജീവ് കല്ലമ്പലം പൊലീസിൽ കീഴടങ്ങി.

അജിത്തിനെ സജീവ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് സൂചന. കൊല്ലപ്പെട്ട അജിത്തും പ്രതി സജീവും മരിച്ചനിലയില്‍ കണ്ടെത്തിയ അജികുമാറിന്റെയും സുഹൃത്തുക്കളാണ്.