ഏഴു ലക്ഷം രൂപ ഫീസടച്ച് സിപിഎം; ആരുടെ മുന്നിലും കൈനീട്ടേണ്ട, ഇനി ശ്രുതിമോള്‍ക്ക് ഡോക്ടറാകാം

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിട്ടും ഫീസടയ്ക്കാനുള്ള തുക കണ്ടെത്താനാകാതെ വിഷമിച്ച വിദ്യാര്‍ത്ഥിനിക്ക് താങ്ങായി സിപിഎം
ശ്രുതി മോളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ എത്തിയപ്പോള്‍
ശ്രുതി മോളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ എത്തിയപ്പോള്‍


ചെറുതോണി: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിട്ടും ഫീസടയ്ക്കാനുള്ള തുക കണ്ടെത്താനാകാതെ വിഷമിച്ച വിദ്യാര്‍ത്ഥിനിക്ക് താങ്ങായി സിപിഎം. പാര്‍ട്ടി നല്‍കിയ ഫീസുകൊണ്ട് ഇടുക്കി മുരിക്കാശേരി പടമുഖം പാറച്ചാലില്‍ ശ്രുതിമോള്‍ ഇനി മെഡിന് പഠിക്കും. മലബാര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ഫീസിന്റെ ആദ്യഗഡുവായ ഏഴുലക്ഷം രൂപ തിങ്കളാഴ്ച സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അടയ്ക്കും.

അച്ഛന്‍ മരിച്ചതിനുശേഷം അമ്മ ബിന്ദു കൂലിപ്പണിയെടുത്താണ് ശ്രുതിമോളെയും അനുജത്തിയെയും വളര്‍ത്തിയത്. ചോര്‍ന്നൊലിക്കുന്ന വീട്ടിലെ ചാണകം മെഴുകിയ തറയിലിരുന്ന് പഠിച്ച ശ്രുതിമോള്‍ 91.6 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായി.

കഷ്ടപ്പാടുകള്‍ക്കിടയിലും പാലായില്‍ എന്‍ട്രന്‍സ് പരിശീലനം നേടി. രണ്ടാംവട്ടം പരീക്ഷ എഴുതിയപ്പോള്‍ 4203-ാം റാങ്ക് ലഭിച്ചു. എന്നാല്‍, ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയാല്‍ മാത്രമേ വിദ്യാഭ്യാസ വായ്പ ലഭിക്കൂവെന്ന നിബന്ധന പ്രശ്‌നമായി. പ്രവേശനം നേടണമെങ്കില്‍ ആദ്യവര്‍ഷത്തെ ഫീസടയ്ക്കണമായിരുന്നു. അത് കണ്ടെത്താനാകാത്ത പ്രയാസത്തിലായിരുന്നു കുടുംബം.

ഇക്കാര്യമറിഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ശ്രുതിമോളുടെ വീട്ടിലെത്തി ആദ്യവര്‍ഷത്തെ ഫീസ് നല്‍കാമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്നാണ് ശ്രുതിമോള്‍ മലബാര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത് 

സിപിഎം നേതാക്കള്‍ വായ്പയെടുത്താണ് ആദ്യഗഡു നല്‍കുന്നത്. തുടര്‍ന്ന്, 12ന് സിപിഎം, ഡിവെഎഫ്‌ഐ. പ്രവര്‍ത്തകര്‍ പാഴ്‌വസ്തുക്കള്‍ ശേഖരിക്കും. ഇത് വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് വായ്പ തീര്‍ക്കും. ബാക്കി തുക ശ്രുതിമോളുടെ അക്കൗണ്ടിലേക്ക് നല്‍കും. സുമനസ്സുകളില്‍നിന്ന് ലഭിക്കുന്ന തുകയും അക്കൗണ്ടിലേക്ക് ഇടും.

റോമിയോ സെബാസ്റ്റ്യന്‍ ചെയര്‍മാനും പിബി സബീഷ് കണ്‍വീനറും ഇ എന്‍ ചന്ദ്രന്‍ ട്രഷററുമായ കമ്മിറ്റിയാണ് ഫണ്ട് ശേഖരണം ഏകോപിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com