ആ പരസ്യം വെറുതേയായില്ല; അബ്ദുള്ളയെ സഹായിച്ച ചങ്ങാതിയുടെ കുടുംബത്തെ കണ്ടെത്തി, ഇനി കടം വീട്ടാം 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 08th February 2022 11:47 AM  |  

Last Updated: 08th February 2022 11:47 AM  |   A+A-   |  

nasar

അബ്ദുള്ളയുടെ മകന്‍ നാസര്‍, പത്രപരസ്യം

 

തിരുവനന്തപുരം: അച്ഛന്റെ കടം വീട്ടാന്‍ മകന്‍ നല്‍കിയ പരസ്യം ഒടുവില്‍ ഫലംകണ്ടു. തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസര്‍, തന്റെ പിതാവിനെ നിര്‍ണായക സന്ദര്‍ഭത്തില്‍ സഹായിച്ച ആളുടെ മക്കളെ കണ്ടെത്തി. മുപ്പത് വര്‍ഷം മുന്‍പ് നാസറിന്റെ പിതാവ് അബ്ദുള്ളയുടെ ജോലി നഷ്ടപ്പെട്ടപ്പോള്‍ പണം നല്‍കി സഹായിച്ച സുഹൃത്ത് ലൂസിസിനെ തേടിയുള്ള അന്വേഷണമാണ് ഒടുവില്‍ സഫലമായത്.

ലൂസിസ് വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് മരിച്ചു. അദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോള്‍ പരസ്യം കണ്ട് നാസറിനെ ബന്ധപ്പെട്ടത്. അബ്ദുള്ളയുടെ സുഹൃത്താണ് ഫോട്ടോ കണ്ട് ലൂസിസിനെ തിരിച്ചറിഞ്ഞത്. ലൂസിസിന്റെ സമീപകാലത്തെ ഫോട്ടോയാണ് ആദ്യം നാസറിന്റെ പക്കലെത്തിയത്. എന്നാല്‍ പുതിയ ഫോട്ടോ ആയതിനാല്‍ സുഹൃത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിന് ശേഷം ലഭിച്ച പഴയ ഫോട്ടോയിലൂടെയാണ് ലൂസിസാണെന്ന് തിരിച്ചറിഞ്ഞത്. 

തിരിച്ചു നല്‍കുന്ന പണം വേണ്ടെന്നും അത് അനാഥാലയത്തിന് നല്‍കാനുമാണ് ലൂസിസിന്റെ പെണ്‍മക്കള്‍ നാസറിനോട് പറഞ്ഞത്. തുടര്‍ന്ന് ലൂസിസിന്റെ അനുജന്‍ ബേബിയുമായി നാസര്‍ ബന്ധപ്പെട്ടു. നിലവില്‍ കോവിഡ് സമ്പര്‍ക്കം മൂലം ഹോം ക്വാറന്റൈനിലാണ് ബേബി. മൂന്ന് ദിവസം കഴിഞ്ഞ് ക്വാറന്റൈന്‍ തീരുമ്പോള്‍ പണവുമായി തിരുവനന്തപുരത്ത് നിന്നും നാസര്‍ കൊല്ലത്തേക്ക് തിരിക്കും.

പരസ്യം നല്‍കിയതിനെ തുടര്‍ന്ന് ലൂസിസിന്റെ മക്കളെന്ന് അവകാശവാദമുന്നയിച്ച് അഞ്ചുപേര്‍ നാസറിനെ സമീപിച്ചിരുന്നു. എന്നാല്‍ അബ്ദുള്ളയുടെ സുഹൃത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ ആരുമല്ല അന്വേഷിച്ച ആളെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീടാണ് യഥാര്‍ഥ ലൂസിസിന്റെ കുടുംബത്തെ കണ്ടെത്തിയത്.

ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരു വിദേശ കമ്പനിയിലെ തൊഴിലാളിയായിരുന്നു നാസറിന്റെ പിതാവ് ഹബീബുള്ള എന്ന അബ്ദുള്ള. വിശാഖപട്ടണം, ഗോവ എന്നിവിടങ്ങളിലുള്ള ഹാര്‍ബറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കമ്പനിയായിരുന്നു ഇത്. ഒപ്പം ലൂസിസ്, ബേബി, ഭാര്‍ഗവന്‍ എന്നിവരും ജോലി നോക്കിയിരുന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന സമയത്ത് വിദേശ കമ്പനികളെ രാജ്യത്തുനിന്ന് പുറത്താക്കിയതോടെയാണ് നാലുപേര്‍ക്കും ജോലി നഷ്ടമായത്. 1978-ന് ശേഷമായിരുന്നു ഇത്. 

ജോലി നഷ്ടമായതോടെ ഉപജീവന മാര്‍ഗം തേടി ലൂസിസും ബേബിയും ഗള്‍ഫിലെത്തി. പിന്നീട് ഫ്രീ വിസ വഴി അബ്ദുള്ളയും ഗള്‍ഫിലെത്തി. ഇവര്‍ ഒരുമിച്ച് ഒരു മുറിയിലായിരുന്നു താമസം. ആദ്യം ഒരു ഓയില്‍ കമ്പനിയില്‍ അബ്ദുള്ള ജോലി നോക്കിയെങ്കിലും കമ്പനി പൊളിഞ്ഞു. ഇതോടെ ജോലി നഷ്ടപ്പെട്ട സുഹൃത്തിന് 1,000 ദിര്‍ഹം നല്‍കി ലൂസീസ് സഹായിച്ചു. ഇന്നത്തെ 23,000 രൂപ വരുമിത്. ശേഷം എമിറേറ്റ്‌സിന്റെ പല ഭാഗത്തേക്ക് ജോലിക്കായി അബ്ദുള്ള പോയതോടെ ലൂസിസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അബ്ദുളള ഒരു ക്വാറിയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും 1987-ല്‍ തിരിച്ച് നാട്ടിലെത്തി. ഇതിനു ശേഷം കയറുമായി ബന്ധപ്പെട്ട ജോലികളിലാണ് പിതാവ് ഏര്‍പ്പെട്ടിരുന്നതെന്ന് നാസര്‍ പറയുന്നു. 

പിതാവ് അബ്ദുള്ള മരിക്കുമ്പോഴാണ് കടബാധ്യതയുള്ള വിവരം മക്കളെ അറിയിക്കുന്നത്. കൊല്ലം സ്വദശിയായ ലൂസിസ് വീട് മാറിയതോടെ ആളെ കണ്ടെത്താനും ബുദ്ധിമുട്ടായി. ഇതോടെ സാമൂഹിക മാധ്യമങ്ങളിലും പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 31-നാണ് ലൂസിസിനെ തേടി പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്.