മലയിൽ കുടുങ്ങിയിട്ട് 41 മണിക്കൂർ പിന്നിട്ടു; രക്ഷാപ്രവർത്തകർ ബാബുവിന് അടുത്തെത്തി, യുവാവുമായി സംസാരിച്ചു 

ബാബുവിന്റെ തൊട്ടടുതെത്തിയ രക്ഷാപ്രവർത്തകർ യുവാവുമായി സംസാരിച്ചു
ബാബു /ചിത്രം: എഎൻഐ
ബാബു /ചിത്രം: എഎൻഐ

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനാ സംഘം മലമുകളിൽ എത്തി. 41 മണിക്കൂറിലധികമായി പാറയിടുക്കിൽ കുടുങ്ങിയ യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. ബാബുവിന്റെ തൊട്ടടുതെത്തിയ രക്ഷാപ്രവർത്തകർ യുവാവുമായി സംസാരിച്ചു എന്നാണ് റിപ്പോർട്ട്. 

യുവാവിന് ആവശ്യമായ ഭക്ഷണവും വെള്ളവുമായി രാത്രി മല കയറിയ സംഘമാണ് ബാബുവിന്റെ അടുത്തെത്തിയത്. കരസേനയുടെ രണ്ട് സംഘങ്ങളാണ് മലമുകളിലുള്ളത്. എവറസ്റ്റ് കീഴടക്കിയ പർവതാരോഹകർ അടക്കമുള്ളവർ സംഘത്തിലുണ്ട്.

വെളിച്ചും വീണാലുടൻ യുവാവിനെ പുറത്തെത്തിക്കാൻ ശ്രമം തുടങ്ങും. യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്ന് ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ‌യുവാവിനെ രക്ഷിച്ചു താഴെയെത്തിച്ചാൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകാനായി ഡോക്ടര്‍മാരുടെ സംഘവും മലയുടെ താഴെ കാത്തു നിൽക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ കരമാർഗമുള്ള രക്ഷാപ്രവർത്തനമാണ് കൂടുതൽ സൗകര്യം. സൈന്യത്തിൽ ഇത്തരത്തിൽ കുന്നിൻ മുകളിലും മലമുകളിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളുണ്ട്. മലയാളിയായ ലഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മലയിൽ കുടുങ്ങിയത് ഇങ്ങനെ

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. 

താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത്  ബാബു സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു. ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താൻ കഴിഞ്ഞു. ‌ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തുന്നതിനിടെ രക്ഷിക്കണമെന്ന് ഷർട്ടുയർത്തി അഭ്യർഥിച്ചു. പകലിന്റെ ചൂ‌ടും രാത്രിയിലെ തണുപ്പും കാരണം യുവാവ് ക്ഷീണിതനാണെങ്കിലും ബാബു സുരക്ഷിതനാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫായതോടെ യുവാവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com