ബാബുവിനെ ആശുപത്രിയിലെത്തിച്ചു; പരിശോധനയ്ക്കായി വിദഗ്ധ ഡോക്ടര്‍മാര്‍; ആരോഗ്യനില തൃപ്തികരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2022 12:39 PM |
Last Updated: 09th February 2022 12:51 PM | A+A A- |

കഞ്ചിക്കോട് എത്തിച്ച ബാബുവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പാലക്കാട്: സുലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്തു. കഞ്ചിക്കോട് ഹെലിപാഡില്‍ എത്തിച്ച ബാബുവിനെ റോഡ് മാര്‍ഗം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദ്ഗധഡോക്ടര്‍മാര്‍ ബാബുവിനെ പരിശോധന നടത്തും. ഐസിയു അടക്കമുള്ള സംവിധാനാങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
ബാബുവിനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനാണ് സുലൂരില്‍ നിന്ന് സൈനിക ഹെലികോപ്ടര്‍ എത്തിച്ചത്. ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ബാബുവിനെ വീട്ടുകാര്‍ക്കൊപ്പം അയക്കും.
മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളില്‍ കുടുങ്ങിയ യുവാവിനെ സൈന്യമാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ സംസ്ഥാനത്തെ സേനകളും ദേശീയ ദുരന്ത നിവാരണ സേനയും പരാജയപ്പെട്ടപ്പോള്‍ 40 മിനിറ്റില്‍ സൈന്യം ദൗത്യം പൂര്‍ത്തിയാക്കി. ചെങ്കുത്തായ മലയില്‍ റോപ്പിലൂടെ ഇറങ്ങിയ സൈനികന്‍ ബാബുവിനു വെള്ളം നല്‍കിയശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവിനെ ചേര്‍ത്തു പിടിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു. രക്ഷാദൗത്യം പൂര്‍ത്തിയായതോടെ ഇന്ത്യന്‍ സൈന്യത്തിന് ജയ് വിളികള്‍ മുഴങ്ങി.