പാലക്കാട്; മലമ്പുഴയിൽ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ചർച്ച കൊഴുക്കുകയാണ്. സൈന്യത്തെ നേരത്തെ വിളിക്കേണ്ടതായിരുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനിടെ രാത്രിയിലെ ഒരു വീഴ്ചയെ കൂടി തരണം ചെയ്താണ് ബാബു ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
വീണത് മസിൽ കയറിയ കാൽ ഉയർത്തിവയ്ക്കാനുള്ള ശ്രമത്തിനിടെ
പാറയിടുക്കിൽ കുടുങ്ങി 34 മണിക്കൂർ പിന്നിട്ടപ്പോൾ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. മസിൽ കയറിയതിനെത്തുടർന്നു കാൽ ഉയർത്തിവയ്ക്കാൻ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാൽ മറ്റൊരു പാറയിടുക്കിൽ ഉടക്കി നിന്നതാണ് രക്ഷയായത്.
സൈന്യത്തെ വിളിക്കാൻ വൈകിയെന്ന് വിമർശനം
ഇന്നലെ രാവിലെയോടെയാണ് 43 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ ബാബുവിനെ രക്ഷപ്പെടുത്തിയത്. ഊട്ടി വെല്ലിങ്ടണ്ണിലെ സൈനികനായ ബി ബാലകൃഷ്ണ്ൻ കയറ് കെട്ടി ഇറങ്ങി ബാബുവിനെ മുകളിലേക്ക് കൊണ്ടുവരികയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയവരെയും രണ്ട് ദിവസം വെള്ളവും ഭക്ഷണവുമില്ലാതെ കാലാവസ്ഥയെ മല്ലിട്ട് അതിജീവിച്ച ബാബുവിന്റെ ആത്മധൈര്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതിനൊപ്പം തന്നെ രക്ഷാപ്രവർത്തനത്തിൽ കാലതാമസം നേരിട്ടു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ആദ്യം തന്നെ സൈന്യത്തെയാണ് വിവരം അറിയിക്കേണ്ടിയിരുന്നത് എന്നാണ് അവരുടെ വാദം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബു ആരോഗ്യനില വീണ്ടെടുക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക