എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എതിരെ വ്യാജ ലൈംഗിക പീഡന പരാതി; സ്വപ്‌ന സുരേഷിന് എതിരെ കുറ്റപത്രം 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 10th February 2022 10:41 AM  |  

Last Updated: 10th February 2022 10:41 AM  |   A+A-   |  

swapna suresh

സ്വപ്‌ന സുരേഷ് / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എതിരെ വ്യാജ പീഡന പരാതി നല്‍കിയ സംഭവത്തില്‍ സ്വപ്‌ന സുരേഷിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. സ്വപ്‌ന അടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്. പരാതി നല്‍കി അഞ്ചു വര്‍ഷം കഴിഞ്ഞാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യ സാറ്റ്‌സ് ഉദ്യോഗസ്ഥനായിരുന്ന സിബുവിന് എതിരെ വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയെന്നാണ് കേസ്.  തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

എയര്‍ ഇന്ത്യ സാറ്റ്‌സ് ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സ്വപ്‌ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്‌സ് എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യവെ, സ്വപ്‌നയും ബിനോയ് ജേക്കബും ചേര്‍ന്ന് സിബുവിന് എതിരെ മറ്റു ജീവനക്കാരികളുടെ പേരില്‍ വ്യാജ പരാതി നല്‍കുകയും ഇത് പരിശോധിച്ച ആഭ്യന്തര അന്വേഷണ സമിതി, സിബു കുറ്റക്കാരനാണെന്ന് കണ്ടെത്തി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. 

തുടര്‍ന്ന് സിബു കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, അന്വേഷണത്തില്‍ കാലതാമസം വരുത്തുകയായിരുന്നു.