തലയ്ക്ക് പിന്നിൽ അടിയേറ്റ മുഴ, കൈയിൽ മുടി; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 07:30 PM  |  

Last Updated: 11th February 2022 07:30 PM  |   A+A-   |  

jiaram

ജിയറാം ജിലോട്ട്

 

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. യുവതി മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്താക്കുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട് (30) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

സംഭവത്തിൽ അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരേയും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് മെഡിക്കൽ കോളജ് എസിപി കെ സുദർശനൻ പറഞ്ഞു. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. മരിച്ച സമയം സംബന്ധിച്ച് കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടി വരുമെന്നും എസിപി പറഞ്ഞു. 

ബുധനാഴ്ച രാത്രി യുവതിയും സെല്ലിലെ മറ്റ് അന്തേവാസികളുമായി അടി നടന്നിരുന്നു. കിടക്കുന്ന കട്ടിലുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പക്ഷെ അപ്പോൾ തന്നെ ജീവനക്കാർ എത്തി ഇവരെ സെല്ല് മാറ്റിയെന്നാണ് സൂപ്രണ്ട്  പറഞ്ഞത്. ഇത് ശരിയാണോയെന്നും ജീവനക്കാർക്ക് മരണം  സംബന്ധിച്ച് കൂടുതൽ എന്തെങ്കിലും അറിയുമോയെന്ന തരത്തിലും ചോദ്യം  ചെയ്യലുണ്ടാവും.   

വ്യാഴാഴ്ച പുലർച്ചെ ഡോക്ടർ പതിവു പരിശോധനയ്‌ക്കെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് അധികൃതർ പറയുന്നത്. ഫൊറൻസിക് വനിതാ വാർഡിലെ 10ാം നമ്പർ സെല്ലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കു പിറകിൽ അടി കിട്ടിയതിനെത്തുടർന്ന് വലിയ മുഴയുണ്ടായിരുന്നു. ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്ന രീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്. മുഖം വീങ്ങിയിട്ടുമുണ്ടായിരുന്നു. കൈയിൽ സ്ത്രീയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. 

അടിയുണ്ടാക്കിയ 19 വയസുകാരിയുടെ മൂക്കിൽ നിന്ന് ചോര വന്നപ്പോൾ ഡോക്ടറെത്തി അവരെ മാത്രമാണ് പരിശോധിച്ചത്. ജിയറാം ജിലോട്ടിനെ പരിശോധനയ്ക്ക് വിധേയയാക്കിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെസി രമേശൻ പറഞ്ഞിരുന്നു. ഡോക്ടർ വരുമ്പോൾ ജിയറാം ജിലോട്ടിന് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് സൂപ്രണ്ട് പറഞ്ഞത്. പരിക്കേറ്റപ്പോൾ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിലും ദുരുഹതയുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി അന്വേഷണം നടത്തുന്നുണ്ടെന്നും ഡോ. കെസി രമേശൻ വ്യക്തമാക്കി. 

ജനുവരി 28-നാണ് ജിയറാം കുതിരവട്ടത്ത് എത്തുന്നത്. തലശ്ശേരി സ്വദേശിയായ ഭർത്താവ് ഉപേക്ഷിച്ചുപോയ ഇവർ തലശ്ശേരിയിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു. ഒരു കുട്ടിയുണ്ട്. കുട്ടിയെ ഇവർ ഉപദ്രവിക്കുന്നതുകണ്ട് പൊലീസാണ് കുതിരവട്ടത്ത് എത്തിച്ചത്.