ടി നസറുദ്ദീന് ആദരം; ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും
കോഴിക്കോട്; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും. സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു. പിതൃതുല്യനായി കണ്ടിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടവും ആഘാതവും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പടപൊരുതുകയും നിര്‍ഭയരായി വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നേടിയെടുക്കുകയും ചെയ്ത നേതാവാണ് നസ്‌റുദ്ദീനെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ വ്യാപാരികളുടെ ഹൃദയങ്ങളില്‍ സ്വാധീനം നേടിയ നേതാവിന്റെ വേര്‍പാട് വ്യാപാരി സമൂഹത്തിന് താങ്ങാനാവാത്ത അനാഥത്വം നല്‍കുന്നതുമാണെന്ന് രാജു അപ്‌സര അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് ടി നസറുദ്ദീൻ വിടപറയുന്നത്. 78 വയസായിരുന്നു. നടക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കം നടക്കുക. മൂന്നു പതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവായിരുന്നു അദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
