ഒറ്റ ദിവസം 3 കൊലപാതകം, വിനീത രാജേന്ദ്രന്റെ അഞ്ചാമത്തെ ഇര? നടുക്കുന്ന ഓര്‍മയില്‍ വെള്ളമഠം ഗ്രാമം

2014ൽ ഒറ്റ ദിവസം ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലും പ്രതി
പ്രതി രാജേന്ദ്രന്‍
പ്രതി രാജേന്ദ്രന്‍


തിരുവനന്തപുരം: ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തോവാള സ്വദേശിയായ രാജേന്ദ്രൻ 2014ൽ ഒറ്റ ദിവസം ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലും പ്രതി. അച്ഛനമ്മമാർക്കൊപ്പം 13കാരിയായ പെൺകുട്ടിയെയുമാണ് അന്ന് അയാൾ കൊലപ്പെടുത്തിയത്. വിനീത രാജേന്ദ്രന്റെ അഞ്ചാമത്തെ ഇരയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

2014 ഡിസംബർ 19നാണ് സംഭവം. സ്വർണവും പണവും കൈക്കലാക്കുക ലക്ഷ്യമിട്ടായിരുന്നു കൊല.  അമ്പലമുക്കിലെ കൊലപാതകത്തിലും രാജേന്ദ്രൻ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലത്ത് തെളിവില്ലാതെ പോയ രണ്ടു കൊലപാതകങ്ങളിലും ഇയാൾ സംശയത്തിന്റെ നിഴലിലാണ്. 

രാജേന്ദ്രന്റെ വീടിന് സമീപം താമസിച്ചിരുന്ന തിരുനെൽവേലിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യൻ (53), ഭാര്യ വാസന്തി (48), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബിരുദാനന്തര ബിരുദമുണ്ടെന്ന് പറഞ്ഞിരുന്ന ഇയാൾ ആദ്യം പുതുഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപകനായി. രാധാപുരത്ത് ഒരു അനാഥാലയത്തിന്റെ നടത്തിപ്പുകാരനുമായി‌ പ്രവർത്തിച്ചു. 

കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന പതിവും ഇയാൾക്കുണ്ടെന്നാണ് പറയുന്നത്. സുബ്ബയ്യന്റെ വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്ന് കണക്കു കൂട്ടിയ ഇയാൾ മൂന്ന് പേരേയും കൊലപ്പെടുത്തുകയായിരുന്നു.  തനിക്ക് ഓഹരി നിക്ഷേപത്തിൽ നിന്നും 35 കോടിയോളം ലഭിച്ചിട്ടുണ്ടെന്നും വീട്ടിൽ സുരക്ഷയില്ലാത്തതിനാൽ ആരുവാമൊഴിയിൽ ഒരിടത്ത് ഒളിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ സുബ്ബയ്യനെയും ഭാര്യയെയും ധരിപ്പിച്ചു. 

തുക സുബ്ബയ്യന്റെ വീട്ടിൽ സൂക്ഷിക്കണമെന്നായിരുന്നു രാജേന്ദ്രന്റെ ആവശ്യം. പണം സൂക്ഷിക്കുന്ന സ്ഥലത്തെത്തി പണവുമായി മടങ്ങാമെന്നും ഇയാൾ സുബ്ബയ്യനോട് പറഞ്ഞു. നാഗർകോവിലിൽ നിന്നു ഇയാൾ കൊലപാതകത്തിനുള്ള കത്തി, കൈയ്യുറ എന്നിവ വാങ്ങി സൂക്ഷിച്ചു. എന്നാൽ കൊലപാതകത്തിന് കൂട്ടുനിൽക്കാമെന്ന് സമ്മതിച്ച സുഹൃത്ത് അവസാന നിമിഷം പിന്മാറി. രാജേന്ദ്രൻ സുബ്ബയ്യനുമായി ബൈക്കിൽ സന്ധ്യയ്ക്ക് ആരുവാമൊഴിയിലെ വിജനമായ സ്ഥലത്തെത്തുകയും സുബ്ബയ്യനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തുകയും ചെയ്തു.

പെൺകുട്ടിയെ പിടിച്ചുയർത്തി നിലത്തടിച്ച് കൊലപ്പെടുത്തി 

സുബ്ബയ്യന്റെ മൊബൈൽ ഫോണുമായി അയാളുടെ വീട്ടിലേക്ക് ബൈക്കിൽ പോയ പ്രതി വാസന്തിയോട് ഭർത്താവ് തുകയുമായി ഓട്ടോറിക്ഷയിൽ വരികയാണെന്ന് അറിയിച്ചു. തുടർന്ന് മകളോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ട പ്രതി വാസന്തിയെ വീടിന് പുറകിലേക്ക് എത്തിച്ചു. അവിടെ വച്ച് അവരെയും കുത്തിക്കൊലപ്പെടുത്തി. പെൺകുട്ടിയെ പിടിച്ചുയർത്തി നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

രണ്ട് മൃതദേഹങ്ങളും വീടിന് പുറകിൽ സാരി കൊണ്ട് മൂടിയിട്ടു. വീട്ടിൽ നിന്ന് ഒരു സ്വർണമാല കവർന്നു. ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു.സംഭവത്തിൽ രാജേന്ദ്രനെ ആരുവാമൊഴി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിൽ ചാർജ് ഷീറ്റ് നൽകിയില്ല. ജാമ്യം ലഭിച്ച ഇയാൾ പിന്നീട് വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com