കോടതി ഉത്തരവുമായി വന്നിട്ടും കയറ്റിയില്ല; ഗേറ്റ് പൂട്ടി, ഒറ്റയ്ക്ക് മുദ്രാവാക്യം മുഴക്കി ഷൈജല്‍, എംഎസ്എഫ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 13th February 2022 11:54 AM  |  

Last Updated: 13th February 2022 11:54 AM  |   A+A-   |  

shyjal-msf

വീഡിയോ സ്‌ക്രീന്‍ഷോട്ട്


കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഹരിത വിഷയത്തില്‍ പരാതിക്കാര്‍ക്കൊപ്പം നിന്നതിന് സംഘടനയില്‍ നിന്നും പുറത്താക്കിയ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. കോടതി ഉത്തരവുമായി എത്തിയിയിട്ടും ഷൈജലിനെ പങ്കെടുപ്പിക്കാതെ ഓഫീസ് പൂട്ടി യോഗം ചേരുകയായിരുന്നു. യോഗം നടക്കുന്ന മുറി അകത്തു നിന്നും കുറ്റിയിട്ടു. ഇതോടെ ഗേറ്റിന് പുറത്ത് ഷൈജില്‍ പ്രതിഷേധിച്ചു. 

നേതാക്കളുടേത് കോടതി അലക്ഷ്യ നടപടിയാണെന്നും വീണ്ടും കോടതിയെ സമീപിക്കുമെന്നും ഷൈജല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയെ തകര്‍ക്കുന്നത് കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരടങ്ങിയ മൂവര്‍ സംഘമാണെന്ന ആരോപണവും ഷൈജല്‍ ആവര്‍ത്തിച്ചു. നേതാക്കള്‍ സംഘടനയെ കൊല്ലുകയാണ്.എംഎസ്എഫിലെ അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും ഷൈജല്‍ പറഞ്ഞു. നേതാക്കളുടെ നടപടിക്ക് എതിരെ ഷൈജല്‍ ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. 

എംഎസ് എഫില്‍ നിന്നും കാരണമില്ലാതെ പുറത്താക്കിയതിനെതിരെ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നിന്നും അനുകൂല വിധി നേടിയാണ് ഷൈജല്‍ യോഗത്തിനെത്തിയത്. എന്നാല്‍ കോടതി വിധിയുടെ പകര്‍പ്പ് സംഘടനാ ഭാരവാഹികള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് എം എസ് എഫിന്റെയും മുസ്‌ലിം ലീഗ് നേതാക്കളുടെയും നിലപാട്. അച്ചടക്ക ലംഘനം കണ്ടെത്തിയാണ് ഷൈജലിനെ എംഎസ്എഫില്‍ നിന്നും ലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം. 

ഹരിത വിഷയത്തില്‍ പരാതിക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചതും ലീഗ് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചതുമാണ് ഷൈജലിനെതിരായ നടപടിക്ക് കാരണം. വയനാട് ജില്ലാ നേതാക്കള്‍ക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണം നേരത്തെ ഷൈജല്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ ഷൈജലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. ഇത് പരിഗണിച്ച് പ്രാഥമികാംഗത്വത്തില്‍ നിന്നും റദ്ദാക്കുകയായിരുന്നു.