പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയു; സമരത്തെ ന്യായീകരിച്ച് എംവി  ജയരാജന്‍

മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല. കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും ജയരാജന്‍ പറഞ്ഞു
എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളെ കാണുന്നു
എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളെ കാണുന്നു

കണ്ണൂര്‍: മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. തൊഴില്‍ സംരക്ഷണത്തിന് വേണ്ടിയാണ് സിഐടിയുക്കാര്‍ സമരം ചെയ്തത്. ഒരു സംരംഭം പൂട്ടിക്കുന്നവരല്ല തുറപ്പിക്കുന്നവരാണ് സിഐടിയുക്കാരെന്നും ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല. കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും ജയരാജന്‍ പറഞ്ഞു. കടയുടമ പ്രശ്‌ന പരിഹാരത്തിന് വന്നിരുന്നു. സിപിഎം വിരുദ്ധരാണ് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഗ്രാമങ്ങളില്‍ നന്‍മയുടെ പ്രതീകങ്ങളാണ് ചുമട്ട് തൊഴിലാളികള്‍. പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടു വന്നാല്‍ അറബിക്കടലില്‍ ചാടുകയാണോ വേണ്ടത്. നോക്കുകൂലിക്കെതിരെ ആദ്യം ശബ്ദിച്ചത് സി ഐ ടി യു ആണ്. നോക്കുകൂലി ചോദിച്ചില്ല, തൊഴിലാണ് ചോദിച്ചത്. തൊഴില്‍ ചോദിച്ചത് പാതകമാണോ. കോടതി പലതും പറയുന്നു. ചുമട്ട് തൊഴിലാളിക്ക് ജോലി കൊടുത്ത് പ്രശ്‌നം തീര്‍ക്കണമെന്ന് മാതമംഗലത്തെ കടയുടമയോട് അഭ്യര്‍ത്ഥിക്കുന്നു. 

വിവാഹ ആഭാസം അക്രമത്തിലേക്ക് നീങ്ങുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തോട്ടടയില്‍ കണ്ടത്. കൊലപാതകത്തെ  രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബിജെപി യുടെ ശ്രമം. വിവാഹ സ്ഥലത്തെ തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണം. അത് മനസിലാക്കാതെ ബോധപൂര്‍വം സിപിഎമ്മിനെ അതിലേക്ക് വലിച്ചിഴയ്ക്കുന്നു. വിവാഹസ്ഥലത്ത് അക്രമം നടത്തിയാല്‍ അത് ദൗര്‍ഭാഗ്യകരമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഭാസത്തിന് നിന്നാല്‍ അത് ദൗര്‍ഭാഗ്യകരമാണ്.  പൊലീസ് ശരിയായ നടപടി സ്വീകരിക്കുന്നുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com