മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി; വനിതാ സെല്ലിലേക്ക് മാറ്റി

ഉമ്മുക്കുല്‍സു, ഷംസുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഉമ്മുക്കുല്‍സു, ഷംസുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. ഉമ്മുക്കുല്‍സുവിനെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി. 

ഇരുവരും അടുത്തിടെയാണ് ഇവിടെ എത്തിയത്. സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇവിടെ അന്തേവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഈ യുവതി കഴിഞ്ഞിരുന്ന വാര്‍ഡിലെ ഭിത്തി തുരന്നാണ് ഉമ്മുക്കുല്‍സു രക്ഷപ്പെട്ടത്. 

അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി 

തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണ്.

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍ 

അന്തേവാസിയുടെ കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ടിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അന്തേവാസികളെ പരിചരിക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചോയെന്നും കമ്മീഷന്‍ പരിശോധിക്കും.

ബുധനാഴ്ച വൈകീട്ടാണ് മഹരാഷ്ട്ര സ്വദേശിനിയായ ജിയോ റാം ലോട്ടിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ അന്തേവാസിയാണ് യുവതിയെ കൊലപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് ജിയോ റാം മരിച്ച വിവരം മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. ജിയോ റാമിന്റെ മരണത്തെ കുറിച്ച് അഡിഷണല്‍ ഡിഎംഒയുടെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com