'ചോര ഛര്‍ദ്ദിക്കും', പകരുന്നത് മൂക്കിലെ സ്രവത്തിലൂടെ; വൈറസ് ബാധയെ തുടര്‍ന്ന് വളര്‍ത്തുനായ്ക്കള്‍ കൂട്ടത്തോടെ ചത്തു, ആശങ്ക

വൈറസ് ബാധയെത്തുടര്‍ന്ന് തലവടി പഞ്ചായത്തില്‍ വളര്‍ത്തുനായ്ക്കള്‍ ഒന്നിന് പിറകേ ഒന്നായി ചത്തുവീഴുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ ആശങ്ക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: വൈറസ് ബാധയെത്തുടര്‍ന്ന് തലവടി പഞ്ചായത്തില്‍ വളര്‍ത്തുനായ്ക്കള്‍ ഒന്നിന് പിറകേ ഒന്നായി ചത്തുവീഴുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ ആശങ്ക. ഇന്നലെ തലവടി കൊച്ചമ്മനം കൊച്ചുപുരയ്ക്കല്‍ സണ്ണി അനുപമയുടെ നായ്ക്കുട്ടിയാണ് ചോര ഛര്‍ദിച്ചു ചത്തത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു നായ്ക്കുട്ടി. തിരുവല്ല താലൂക്ക് മൃഗാശുപത്രിയില്‍ എത്തിച്ച് മരുന്നു നല്‍കുകയും കുത്തിവയ്പ് എടുക്കുകയും ചെയ്തിരുന്നു.

തലവടി പഞ്ചായത്തില്‍ ഇതുവരെ ആറു നായ്ക്കള്‍ വൈറസ് ബാധിച്ച് ചത്തിട്ടുണ്ടെന്നാണ് വിവരം. ചിലത് അവശ നിലയിലാണ്. നായ്ക്കളെ തിരുവല്ല, ചങ്ങനാശേരി, ഹരിപ്പാട് എന്നിവിടങ്ങളില്‍ എത്തിച്ചു പ്രതിരോധ കുത്തിവയ്പ് എടുക്കുന്നുണ്ട്. ആയിരം രൂപയോളം ചികിത്സയ്ക്കു വേണ്ടി വന്നതായി സണ്ണി അനുപമ പറഞ്ഞു.

മൂക്കിലെ സ്രവത്തിലൂടെയാണ് നായ്ക്കള്‍ക്കു പരസ്പരം രോഗം പകരുന്നത്. വൈറസ് ബാധിച്ച നായയെ പിടിച്ച ശേഷം മറ്റു നായ്ക്കളെ എടുക്കുന്നതും രോഗം പകരാനിടയാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ലക്ഷണങ്ങള്‍ വായില്‍ നിന്നു നുരയും പതയും വരും. രണ്ടു ദിവസം കഴിയുമ്പോള്‍ ആഹാരം കഴിക്കാതെയാകും. വെള്ളം കുടിച്ചാല്‍ പോലും നിര്‍ത്താതെ ഛര്‍ദിക്കും. തുടര്‍ന്ന് ചോര ഛര്‍ദിക്കും. വയറിളക്കവും ഉണ്ടാകും. അധികം വൈകാതെ നായ്ക്കള്‍ ചാകും. നായ്ക്കളുടെ ദഹന നാളത്തെയാണ് വൈറസ് ബാധിക്കുന്നത്. പ്രതിരോധ കുത്തിവയ്പ് മാത്രമാണ് പ്രതിവിധി. വൈറസ് ബാധിച്ച നായ്ക്കളുടെ വിസര്‍ജ്യം, അവ വീണ മണ്ണ് എന്നിവയില്‍ നിന്നും രോഗം മറ്റ് നായ്ക്കളില്‍ പകരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com