'മന്ത്രി പറയേണ്ടത് ചെയര്‍മാനെ കൊണ്ട് പറയിപ്പിച്ചതാണോ?'; എന്റെ ഭരണകാലം ബോര്‍ഡിന്റെ സുവര്‍ണകാലം: എം എം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 10:51 AM  |  

Last Updated: 15th February 2022 10:59 AM  |   A+A-   |  

ELECTRICITY BOARD

എം എം മണി, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വൈദ്യതി ബോര്‍ഡില്‍ ഇടതു യൂണിയനുകളുടെ നേതൃത്വത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അധികാര ദുര്‍വിനിയോഗവും അഴിമതിയും നടന്നതായുള്ള ചെയര്‍മാന്‍ ഡോ ബി അശോകന്റെ ആരോപണത്തിനെതിരെ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി രംഗത്ത്. തന്റെ ഭരണകാലത്ത് വൈദ്യുതി ബോര്‍ഡ് മികച്ച നേട്ടമുണ്ടാക്കി. ഇപ്പോള്‍ പൊലീസ് സംരക്ഷണം വേണ്ട സ്ഥിതിയിലാണ്. അവിടെ കൊണ്ടുവന്ന് എത്തിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെയും ചെയര്‍മാനെയും ലക്ഷ്യമിട്ട് എം എം മണി പരിഹസിച്ചു.

'ചെയര്‍മാന്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നറിയില്ല. മന്ത്രി അറിഞ്ഞാണോ, മന്ത്രി പറയേണ്ടത് ചെയര്‍മാനെ കൊണ്ട് പറയിപ്പിച്ചതാണോ എന്നോന്നും അറിയില്ല. നാനാവശങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ആലോചിച്ച് കൂടുതല്‍ പ്രതികരിക്കും. നാലര വര്‍ഷം ഞാന്‍ മന്ത്രിയായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ സുവര്‍ണകാലമായിരുന്നുവെന്ന് നാട്ടില്‍ റഫറണ്ടം നടത്തിയാല്‍ ആളുകള്‍ പറയും. ഇപ്പോള്‍ അശോകന്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രതികരിക്കും.'- എം എം മണി പറഞ്ഞു.

'ചെയര്‍മാന്‍ പറഞ്ഞത് എന്തടിസ്ഥാനത്തില്‍?

എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്. കെ കൃഷ്ണന്‍കുട്ടി എല്‍ഡിഎഫിന്റെ നേതാവല്ലേ?. പറയേണ്ടത് ആലോചിച്ചല്ലേ പറയേണ്ടത്. പറയേണ്ടത് തീര്‍ത്ത് കെട്ടി താന്‍ പറയുമെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. അശോകന്‍ ഒരു കാര്യം ചെയ്യുന്നത് നല്ലതാണ്.  ബോര്‍ഡിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

'കേരളം മുഴുവന്‍ വൈദ്യുതി പ്രതിസന്ധിയില്‍ പോകുന്നു'

'കറന്റ് പോയാല്‍ ആളില്ല. കേരളം മുഴുവന്‍ പ്രതിസന്ധിയില്‍ പോകുന്നുണ്ട്. ഈ മാന്യന്‍ ഇതിന്റെ ചെയര്‍മാന്‍ അല്ലേ. ഇതിന് പരിഹാരം ഉണ്ടാക്കണ്ടേ?. ഇതൊക്കെ ചെയ്യേണ്ടതിന് പകരം അതുംഇതും പറയുകയാണ്.  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരിക്കലും വൈദ്യുതി ബോര്‍ഡിന് പൊലീസ് സംരക്ഷണം തേടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ഫോഴ്‌സിനെ വെച്ചിരിക്കുന്നു എന്നൊക്കെയാണ് കേള്‍ക്കുന്നത്. അവിടെ കൊണ്ടു എത്തിച്ചിട്ടുണ്ട് ഏതായാലും'- എം എം മണിയുടെ വാക്കുകള്‍ ഇങ്ങനെ. ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്ന് ആരോപിച്ച് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സമരം നടത്തുകയാണ് ഇടതുയൂണിയനുകള്‍. ഇതിനെതിരെയാണ് രൂക്ഷമായ വിമര്‍ശനവുമായി ചെയര്‍മാന്‍ രംഗത്തുവന്നത്.