വരാന്തയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീകൊളുത്തി, ഭാര്യ പിടിയില്‍; തുമ്പായത് മൊഴി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2022 07:46 AM  |  

Last Updated: 15th February 2022 07:46 AM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം

 

പാലക്കാട്:വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഭാര്യ ശശികലയാണ് പിടിയിലായത്. ഗുരുതരമായി പൊള്ളലേറ്റ പാലക്കാട് പുതൂര്‍ ഓള്‍ഡ് കോളനിയിലെ സുബ്രഹ്മണ്യന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി 12.30ഓടേയാണ് സംഭവം. സംഭവ ദിവസം സുബ്രഹ്മണ്യന്‍ മദ്യപിച്ചാണ് എത്തിയത്. ഇതോടെ സുബ്രഹ്മണ്യന്‍ വീടിന് പുറത്തെ വരാന്തയില്‍ കിടന്നു. ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. മൂത്തമകന്‍ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. ഉറങ്ങിക്കിടക്കുന്ന തന്റെ മേല്‍ തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണര്‍ന്ന സുബ്രഹ്മണ്യന്‍ നിലവിളിച്ചു. 

ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേര്‍ന്ന് തീയണച്ചു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. ഇയാള്‍ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്. ശശികല കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സ്ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്മണ്യന്‍ തന്നെയും മക്കളെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് തീക്കൊളുത്താന്‍ കാരണമായതെന്നും ശശികല പറഞ്ഞു. മാത്രമല്ല, സുബ്രഹ്മണ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.