സില്‍വര്‍ലൈന്‍: കെ റെയില്‍ എംഡി- റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ കൂടിക്കാഴ്ച ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2022 07:05 AM  |  

Last Updated: 16th February 2022 07:05 AM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെ റെയില്‍ എം ഡി വി അജിത് കുമാര്‍ ഇന്നു കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. പുതിയ ചെയര്‍മാനായി വി കെ ത്രിപാഠി ചുമതലയേറ്റ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഇതുവരെയുള്ള ആശയവിനിമയങ്ങളില്‍ ത്രിപാഠി പങ്കാളിയായിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണു പുതിയ ചെയര്‍മാനു മുന്‍പില്‍ പദ്ധതി വിശദീകരിക്കാന്‍ കെ റെയില്‍ എംഡി ഡല്‍ഹിയിലെത്തിയത്.

സില്‍വര്‍ലൈനിന്റെ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന്റെ സൂക്ഷ്മ പരിശോധനയിലിരിക്കെയാണു കൂടിക്കാഴ്ച. ഡിപിആറിന് അംഗീകാരം വൈകുന്നതനുസരിച്ചു പദ്ധതിച്ചെലവ് വര്‍ധിക്കുമെന്ന ആശങ്ക ശ്രദ്ധയില്‍പെടുത്തും. പദ്ധതി നടപ്പാക്കുന്നതിന് റെയില്‍വേ ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു ദക്ഷിണ റെയില്‍വേ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കുക, സില്‍വര്‍ലൈനില്‍ റെയില്‍വേ വിഹിതമായ 2150 കോടി രൂപ നേടിയെടുക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളും സന്ദര്‍ശനത്തിനു പിന്നിലുണ്ട്. സാമൂഹികാഘാത പഠനവുമായി മുന്നോട്ടു പോകാന്‍ ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ പദ്ധതി വേഗത്തിലാക്കാനുള്ള ശ്രമമാണു കെ റെയില്‍ നടത്തുന്നത്.