വടകരയില്‍ വീടിന്റെ ടെറസില്‍ സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2022 06:55 AM |
Last Updated: 17th February 2022 06:55 AM | A+A A- |

പ്രതീകാത്മക ചിത്രം
വടകര: മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂരിൽ വീടിന്റെ ടെറസിൽ സ്ഫോടനം. സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. മൂഴിക്കൽ ഹരിപ്രസാദിനാണ് (28) പരിക്കേറ്റത്. ബിജെപി-ആർഎസ്എസ് പ്രവർത്തകനാണ് ഇയാൾ.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്. വൻശബ്ദത്തോടെയാണ് സ്‌ഫോടനം. സ്‌ഫോടനം നടന്ന സ്ഥലത്ത് രക്തവും മാംസത്തിന്റെ അവശിഷ്ടങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓലയുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. ബോംബാണോ പടക്കമാണോ പൊട്ടിയത് എന്ന് പരിശോധിച്ചുവരുകയാണ്.
സ്‌ഫോടകവസ്തു നിർമിക്കുന്നതിന് ഇടയിലാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന സംശയത്തിലാണ് പൊലീസ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമെല്ലാം പരിശോധന നടത്തി. രാഷ്ട്രീയ സംഘർഷങ്ങളൊന്നും നിലനിൽക്കുന്ന മേഖലയല്ല ഇത്. സ്ഫോടനം ഉണ്ടായത് നാട്ടുകാരേയും ഭീതിയിലാക്കുന്നു. അതേസമയം, നാലുവർഷമായി ആർഎസ്എസുമായി ഒരുതരത്തിലുമുള്ള ബന്ധവും ഇയാൾക്കില്ലെന്ന് ആർഎസ്എസ് വടകര കാര്യകാരി അറിയിച്ചു.