മന്ത്രിസഭാ യോഗം/ഫയല്‍
മന്ത്രിസഭാ യോഗം/ഫയല്‍

'ലോകായുക്ത ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം'; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പുമായി സിപിഐ മന്ത്രിമാര്‍

മുന്നറിയിപ്പില്ലാതെ ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടു വന്നതോടെ ഭേദഗതിയെക്കുറിച്ച് പഠിക്കാനോ രാഷ്ട്രീയ ചര്‍ച്ച നടത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാര്‍


തിരുവനന്തപുരം: ലോകായുക്താ ഓര്‍ഡിനന്‍സിനെ കുറിച്ചുള്ളില്‍ എതിര്‍പ്പ് ഒടുവില്‍ മന്ത്രിസഭായോഗത്തില്‍ പരസ്യപ്പെടുത്തി സിപിഐ മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് സിപിഐയുടെ നാല് മന്ത്രിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടു വന്നതോടെ ഭേദഗതിയെക്കുറിച്ച് പഠിക്കാനോ രാഷ്ട്രീയ ചര്‍ച്ച നടത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പരാതിപ്പെട്ടു. 

എന്നാല്‍ മന്ത്രിസഭാ അജന്‍ഡ നിശ്ചയിക്കുന്ന ക്യാബിനറ്റ് നോട്ട് നേരത്തെ തന്നെ നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ക്യാബിനറ്റ് നോട്ടില്‍ നിന്നും ഇക്കാര്യം സിപിഐ മന്ത്രിമാര്‍ അറിയുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാവും എന്നാണ് കരുതിയതെന്നും അദ്ദേഹം വിശദീകരിച്ചു. 

വിഷയത്തില്‍ ഒരു തവണ മന്ത്രിസഭാ യോഗം തീരുമാനം എടുക്കാതെ മാറ്റി വെച്ചത് പാര്‍ട്ടികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നുവെന്നും രണ്ടാമതും വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിക്കാതിരുന്നതിനാല്‍ വിഷയത്തോട് സിപിഐ യോജിക്കുന്നുവെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ലോകയുക്ത ഓര്‍ഡിനന്‍സ് ഭരണ ഘടനാ വിരുദ്ധമാണെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തെ അറിയിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

ഓര്‍ഡിനന്‍സിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിക്കാതിരുന്നതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മന്ത്രിമാര്‍ രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com