മന്ത്രിയുടെ കാർ ഇടിച്ച് അധ്യാപകൻ മരിച്ചു; 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 11:42 AM  |  

Last Updated: 20th February 2022 11:42 AM  |   A+A-   |  

money

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: മന്ത്രിയായിരിക്കെ ഡോ എം കെ മുനീർ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ അവകാശികൾക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ചങ്ങനാശേരി എൻഎസ്എസ് കോളജിലെ മലയാളം പ്രഫസർ ശശികുമാർ മരിച്ച അപകടത്തിലാണ് മാവേലിക്കര എംഎസിടി കോടതി വിധി. 

 2015 മേയ് 18ന് രാത്രി 11നാണ് അപകടമുണ്ടായത്. പുതുപ്പള്ളി ഗോവിന്ദമുട്ടത്തെ വീട്ടിലേക്കു പോകുകയായിരുന്നു ശശികുമാർ. കായംകുളം കമലാലയം ജംക്‌ഷനിൽ സ്കൂട്ടറിൽ ദേശീയപാത റോഡിന്റെ കുറുകെ കടക്കുമ്പോഴാണ് തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മന്ത്രിയുടെ വാഹനം ഇടിച്ചത്. 

‌ഇൻഷുറൻസ് കമ്പനി മരിച്ച പ്രഫസറുടെ അവകാശികൾക്കു നൽകുന്ന വിധിത്തുക വാഹന ഉടമയിൽ നിന്ന് ഈടാക്കുന്നതിനു കോടതി അനുവദിച്ചിട്ടുണ്ട്. സ്വകാര്യവാഹനം മന്ത്രിയുടെ യാത്രയ്ക്കായി കേരള സ്റ്റേറ്റ് ബോർഡ് വച്ചും ചുവന്ന ബീക്കൺ ലൈറ്റും സ്ഥാപിച്ചും ഉപയോഗിച്ചത് മറച്ചുവച്ച് ഇൻഷുറൻസ് കരാർ ലംഘിച്ചു എന്ന എച്ച്ഡിഎഫ്സി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ തർക്കം കോടതി അംഗീകരിച്ചതുകൊണ്ടാണ് തുക ഉടമയിൽ നിന്ന് ഈടാക്കാൻ അനുവാദം നൽകിയത്. അതേസമയം കേരള സർക്കാർ വിധിത്തുക നൽകണമെന്ന ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.