ദീപുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ മാനദണ്ഡം ലംഘിച്ചു; സാബു എം ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ കേസ് 

ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് ഉള്‍പ്പെടെ 29പേര്‍ക്കെതിരെ കേസ്
കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്, ഫയല്‍ ചിത്രം
കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്, ഫയല്‍ ചിത്രം

കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് ഉള്‍പ്പെടെ 29പേര്‍ക്കെതിരെ കേസ്. സംസ്‌കാരച്ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലയില്‍ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ട്. ക്ഷതമേറ്റതിനാല്‍ രക്ത ധമനികള്‍ പൊട്ടി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ രോഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ട്വന്റി ട്വന്റിയില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന്് നേരത്തെ പുറത്തു വന്ന എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്. 

ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതം

ട്വന്റി ട്വന്റിയുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയായ സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെ വീണ ദീപുവിന്റെ തലയില്‍ ഇയാള്‍ പലതവണ ചവിട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഈ സമയം മറ്റു പ്രതികള്‍ ദീപുവിന്റെ ശരീരത്തില്‍ മര്‍ദിക്കുകയായിരുന്നു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികള്‍ അസഭ്യം പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. 

കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരായ നാല് പേര്‍ ദീപുവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. 

ക്ഷതമേറ്റതിനാല്‍ രക്ത ധമനികള്‍ പൊട്ടി

കേസില്‍ സിപിഎം പ്രവര്‍ത്തകരായ പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം, നെടുങ്ങാടന്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com