മെട്രോ പാളത്തില്‍ ചെരിവുണ്ടെന്ന് ഇ ശ്രീധരന്‍; അള്‍ട്രാ സോണിക്, സോയില്‍ ബോര്‍ ടെസ്റ്റുകള്‍ നടത്താന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2022 10:26 AM  |  

Last Updated: 22nd February 2022 10:26 AM  |   A+A-   |  

kochi metro

ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ പാളത്തില്‍ നേര്‍ത്ത ചെരിവുണ്ടെന്ന് ഇ ശ്രീധരന്‍. ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായില്ല. കാരണം കണ്ടെത്താന്‍ അള്‍ട്രാ സോണിക് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ നിര്‍ദേശിച്ചതായും സ്ഥലം സന്ദര്‍ശിച്ച ശേഷം മെട്രോമാന്‍ ശ്രീധരന്‍ പറഞ്ഞു. 

ഈ പരിശോധനകളുടെ ഫലം കാത്തുനില്‍ക്കാതെ അടിയന്തരമായി അഡീഷണല്‍ പൈലിങ് നടത്തി പാലത്തെ ബലപ്പെടുത്തുന്ന പണി തുടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള പൈലിങ്ങിന് ക്ഷതം സംഭവിച്ചോ എന്നും ഭൂമിക്കടിയിലെ പാറയില്‍ തന്നെ പൈലിങ് ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് അള്‍ട്രാ സോണിക് പരിശോധന. 

പൈലിനും പൈല്‍ കാപ്പിനും കേടില്ല. പാലത്തിന് സംഭവിച്ച ചെരിവ് കാരണം പാളത്തിന്റെ അലൈന്‍മെന്റിനും നേരിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇത് അപകടകരമായ സാഹചര്യമല്ല എന്നതിനാല്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടതില്ല. കനത്ത മഴയ്ക്ക് ശേഷം മണ്ണിന്റെ ഘടനയില്‍ മാറ്റമോ മണ്ണ് നഷ്ടപ്പെടുന്ന അവസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. 

മെട്രോ നിര്‍മ്മാണചുമതലയുണ്ടായിരുന്ന ഡിഎംആര്‍സിയുടെ മുഖ്യ ഉപദേശകനായിരുന്നു ഇ ശ്രീധരന്‍. പദ്ധതിയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഈജിസ് പ്രതിനിധികള്‍ക്കൊപ്പമാണ് ശ്രീധരന്‍ പത്തടിപ്പാലത്ത് എത്തിയത്. പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. അതുവരെ ഇപ്പോഴുള്ള വേഗനിയന്ത്രണം തുടരും.