സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

ആന്റണിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍; ഒടുവില്‍ ലൊക്കേഷന്‍ മുത്തങ്ങയില്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് മുത്തങ്ങയിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്


കൊച്ചി: ശരീരമാസകലം പരിക്കേറ്റ് അതീവഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ആന്തരിക രക്തസ്രാവത്തിന് നേരിയ കുറവുണ്ട്. കുട്ടിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ട്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എങ്കിലും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

അതിനിടെ കുട്ടിക്കും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയുടെ ആണ്‍സുഹൃത്ത് ആന്റണി ടിജിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് മുത്തങ്ങയിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തണമെന്ന് കാണിച്ച് എസ്എംഎസ് അയച്ചെങ്കിലും പ്രതികരണമില്ല. 

കുട്ടിക്ക് പരിക്കേറ്റതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. ആന്റണിയെയും രക്ഷപ്പെട്ട മറ്റുള്ളവരെയും കണ്ടെത്തിയാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടിക്ക് അതിമാനുഷ ശക്തിയുണ്ടെന്നും, ഹൈപ്പര്‍ ആക്ടീവ് ആയ കുട്ടി സ്വയം പരിക്കേല്‍പ്പിച്ചതാണെന്നുമാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആവര്‍ത്തിക്കുന്നത്. 

ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് കമ്മീഷണര്‍ നാഗരാജു വ്യക്തമാക്കി. രണ്ടര വയസ്സുകാരി 'ബാധ ഒഴിപ്പിക്കല്‍' നടപടിക്ക്  വിധേയമായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പൊലീസ് കേസില്‍ തുടര്‍നടപടി സ്വീകരിക്കും. കുട്ടിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു

ഞായറാഴ്ച രാത്രി തെങ്ങോടിലെ ഫ്‌ലാറ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കുട്ടിക്കും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ എന്നയാളും കുട്ടിയുടെ അമ്മയുടെ സഹോദരി അടക്കമുള്ളവരുടെ സിസിടിവി ദൃശ്യങ്ങള്‍ സിസിടിവി ക്യാമറിയില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ പുറത്തേക്ക് പോകുന്നതിന്റെ അടക്കം ദൃശ്യങ്ങളുണ്ട്.

ഇവര്‍ മറ്റേതെങ്കിലും കേന്ദ്രത്തില്‍ പോയതിനു ശേഷമാണോ കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചശേഷം ആന്റണി കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനുമൊപ്പം പുലര്‍ച്ചെ രണ്ടുമണിയ്ക്ക് ഫ്‌ലാറ്റില്‍ തിരിച്ചെത്തി. 20 മിനുട്ടിനകം സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ഇവര്‍ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com